മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച്‌ 
11 മാസം പ്രായമുള്ള പെൺകുട്ടി

വിറങ്ങലിച്ച്‌ ഹിമാചൽ ; അത്ഭുതക്കുട്ടിയായി നിഖിത

Himachal Cloudburst

മണ്ഡിയില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകള്‍

avatar
അഡ്വ. കെ ആർ സുഭാഷ്‌ ചന്ദ്രൻ

Published on Jul 07, 2025, 04:22 AM | 1 min read

ഹിമാചലിലെ മണ്ഡിയിൽനിന്ന്‌ അഡ്വ. കെ ആർ സുഭാഷ്‌ ചന്ദ്രൻ


രണ്ടാഴ്‌ചയിലധികമായി തുടരുന്ന കനത്ത മഴയിലും മേഘ വിസ്‌ഫോടനങ്ങളെ തുടർന്നുള്ള ഉരുൾപൊട്ടലിലുമായി ഹിമാചൽ പ്രദേശ്‌ വിറങ്ങലിച്ചിരിക്കുകയാണ്‌. മണ്ഡി ജില്ലയിൽ മാത്രം വിവിധ പ്രദേശങ്ങളിലായി 30ലധികം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു.


അപകട മരണങ്ങളുടെ വാർത്തകൾക്കിടെ, സെരാജ് മണ്ഡലത്തിലെ നിഖിത എന്ന 11 മാസം പ്രായമുള്ള പെൺകുട്ടി പ്രളയത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ജൂൺ 30നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിഖിതയുടെ മാതാപിതാക്കളും അമ്മൂമ്മയും ഉൾപ്പടെയുള്ള ബന്ധുക്കളെല്ലാം മരിച്ചു. എന്നാൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ തകർന്ന വീട്ടിൽനിന്ന്‌ രക്ഷാപ്രവർത്തകർ കണ്ടെത്തുകയായിരുന്നു.


സാധാരണ ജൂലൈ പകുതിയോടെ എത്താറുള്ള മൺസൂൺ ഇത്തവണ സംസ്ഥാനത്ത് ജൂൺ 20ന് തന്നെ തുടങ്ങി. കനത്ത മഴ സംസ്ഥാനത്തുടനീളം നാശം വിതക്കുന്നുണ്ടെങ്കിലും മണ്ഡി, കുള്ളു തുടങ്ങിയ ജില്ലകളിലാണ് സമീപ ദിവസങ്ങളിൽ കൂടുതൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട്‌ ചെയ്‌തത്. രണ്ടാഴ്‌ചയ്‌ക്കക്കം 14ൽ അധികം മേഘസ്‌ഫോടനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. മണ്ഡി ജില്ലയിലെ വിവിധ ഗ്രാമങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. മണ്ഡി നഗരത്തിൽ മൂന്നു ദിവസങ്ങളായി ജല വിതരണം മുടങ്ങിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. മണ്ഡിക്കു പുറമെ ബിലാസ്‌പുർ, ഹമീർപുർ, ഷിംല, സോളൻ, ഊന, കിനൗർ തുടങ്ങിയ ജില്ലകളിലും മരണവും നാശനഷ്‌ടങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 110ലേറെ പേർ ചികിത്സ തേടി.


300ലധികം കന്നുകാലികൾ ഉൾപ്പടെയുള്ള വളർത്തു മൃഗങ്ങൾക്കും ജീവൻ നഷ്‌ടപ്പെട്ടു. നൂറുകണക്കിന് വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു.


ഉത്തരേന്ത്യയിൽ മഴ കനത്തു

മഴ കനത്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. പുണെ–-കൊങ്കൺ പാതയിലും ഹിമാചൽപ്രദേശ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഡൽഹിയിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടായി. പഞ്ചാബ്, ഉത്തർപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലും മിന്നലോടുകൂടിയ കനത്തമഴ പെയ്തു. ജൂൺ 20 മുതൽ തുടരുന്ന കനത്തമഴയിലുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും 75 പേരാണ്‌ ഹിമാചലിൽ മരിച്ചത്‌. 31 പേരെ കണ്ടെത്താനായില്ല



deshabhimani section

Related News

View More
0 comments
Sort by

Home