ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ചു; ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷന്റെ സഹോദരൻ അറസ്റ്റിൽ

സോളൻ: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി ഹിമാചൽ പ്രദേശ് സംസ്ഥാന അധ്യക്ഷൻ രാജീവ് ബിന്ദലിന്റെ സഹോദരൻ റാം കുമാർ ബിന്ദൽ (81) അറസ്റ്റിൽ. അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് ക്ലിനിക്കിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് 25കാരിയായ യുവതിയുടെ പരാതി.
ഒക്ടോബർ ഏഴിനാണ് ചികിത്സ തേടി യുവതി രാംകുമാര്‍ ബിന്ദലിന്റെ ആയുർവേദ ക്ലിനിക്കിൽ എത്തിയത്. പരിശോധനയ്ക്കിടെ റാം കുമാർ യുവതിയുടെ കൈകളിൽ പിടിച്ച് ഞരമ്പുകളിൽ അമർത്തുകയും ലൈംഗികാരോഗ്യത്തെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. രോഗം പൂർണമായി ഭേദമാക്കാം എന്ന് ഉറപ്പുനൽകുകയായിരുന്നു.
തുടർന്ന്, ബിന്ദൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ പരിശോധിക്കണമെന്ന് നിർബന്ധിച്ചു. യുവതി എതിർപ്പ് അറിയിച്ചിട്ടും പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി എതിര്‍ക്കുകയും നിലവിളിക്കുകയും ചെയ്തതോടെ രാംകുമാര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
യുവതി പൊലീസിനെ സമീപിച്ച് രാം കുമാറിനെതിരെ കേസ് ഫയല്‍ ചെയ്തു. യുവതിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറന്‍സിക് സംഘം അന്വേഷിക്കുകയും ചെയ്തു. വിഷയത്തില്‍ സമഗ്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സാങ്കേതിക തെളിവുകള്‍ വിശകലനം ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.








0 comments