പേമാരിയില്‍ വലഞ്ഞ് ഉത്തരേന്ത്യ

ഡൽഹിയിൽ യമുനാനദി കരകവിഞ്ഞതോടെ വെള്ളംകയറിയ വീടുകളിൽനിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്നവർ
ന്യൂഡല്‍ഹി
ആഴ്‌ചകളായി ആവർത്തിക്കുന്ന മേഘവിസ്‌ഫോടനങ്ങളും നിരന്തരമായ പേമാരിയും ഉത്തരേന്ത്യയെ ദുരിതത്തിലാക്കി. നദികൾ കരകവിഞ്ഞു. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂളുകൾ പൂട്ടി. 1988നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്ന പഞ്ചാബിൽ, സത്‌ലജ്, ബിയാസ്, രവി നദികള്‍ കരകവിഞ്ഞു. സ്ഥിതി അപകടകരമായി തുടർന്നു. ഇതിനകം 29 പേർ കൊല്ലപ്പെട്ട വെള്ളപ്പൊക്കത്തിൽ പന്ത്രണ്ട് ജില്ലകൾ ദുരിതത്തിലായി, 2.56 ലക്ഷത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചു.
ഡൽഹിയിൽ, യമുനാതടനിവാസികൾ വീടുകൾ വിട്ടുപോയി. ഗുരുഗ്രാം വെള്ളക്കെട്ടിൽ വലയുകയാണ്. നിരവധി റോഡുകളും അണ്ടർപാസുകളും വെള്ളത്തിനടിയിലായി. ഹരിയാനയിൽ മൂന്നു ലക്ഷത്തിലധികം ഏക്കർ ഭൂമി വെള്ളപ്പൊക്കത്തിൽ മുങ്ങി.
കഴിഞ്ഞ ചൊവ്വാഴ്‌ച ജമ്മുവിലെ കത്രയിലെ വൈഷ്‌ണോദേവി ക്ഷേത്രപാതയിലുണ്ടായ മണ്ണിടിച്ചിലിൽ 35പേർ മരിച്ചതിനെതുടർന്ന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഒരാഴ്‌ചത്തേക്ക് നിരോധിച്ചു.
ഹിമാചൽ പ്രദേശിൽ കനത്ത മഴയെതുടർന്ന് ആറ് ദേശീയപാതകളുൾപ്പെടെ 1311 റോഡുകൾ അടക്കുകയും ചെയ്‌തു. ജൂൺ 20ന് ഹിമാചലിൽ മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് 95 വെള്ളപ്പൊക്കവും 45 മേഘസ്‌ഫോടനവും 115 മണ്ണിടിച്ചലുമുണ്ടായി.
റോഡുകൾ തടസ്സപ്പെട്ടിരിക്കുന്നതിനാൽ ആപ്പിൾ കർഷകർക്ക് ഉൽപന്നം വിപണിയിലെത്തിക്കാനാകുന്നില്ല. ഷിംല– കൽക്ക പാതയിൽ സെപ്‌തംബർ അഞ്ചുവരെ ട്രെയിൻ സർവീസ് നിർത്തി. ചമ്പ ജില്ലയിൽ കുടുങ്ങിക്കിടക്കുന്ന തീർഥാടകരെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.









0 comments