കനത്ത മഴ: വിറങ്ങലിച്ച് ഡൽഹി , റോഡ്, വ്യോമഗതാഗതം താളം തെറ്റി

ന്യൂഡൽഹി
കനത്ത മഴയിലും ശക്തമായ കാറ്റിലും വിറങ്ങലിച്ച് ഡൽഹി. മരങ്ങള്‍ കടപുഴകി. പ്രധാനറോഡുകളിൽ വെള്ളക്കെട്ടുണ്ടായതോടെ ഞായർ ഉച്ചവരെ പലയിടത്തും ഗതാഗതം സ്‌തംഭിച്ചു. മോശം കാലാവസ്ഥയെതുടർന്ന് ഡൽഹിയിലേക്കുള്ള 49 വിമാനം വഴിതിരിച്ചുവിട്ടു. 17 അന്താരാഷ്‌ട്ര സർവീസും വൈകി. മൊത്തം 180 സർവീസുകളെ ബാധിച്ചു. റൺവേയിലും മൂന്നാം ടെർമിനലിലേക്കുള്ള റോഡിലും വെള്ളക്കെട്ടുണ്ടായി. രാവിലെ ഏഴോടെയാണ് ഭാഗികമായി വ്യോമഗതാഗതം പുനസ്ഥാപിക്കാനായത്.
തിരക്കേറിയ ഐടിഒ, ഡൽഹി കന്റോൺമെന്റ്, ധൗള കുവാൻ, മിന്റോ റോഡ്, ചാണക്യപുരി, മോട്ടിബാഗ്, ദീന്‍ദയാൽ ഉപാധ്യായ മാര്‍ഗ് തുടങ്ങിയ റോഡുകളിലും വെള്ളക്കെട്ടുണ്ടായി. ഡൽഹി കന്റോൺമെന്റിൽ അണ്ടർപാസിലെ വെള്ളക്കെട്ടിൽ ബസും മറ്റ് വാഹനങ്ങളും കുടുങ്ങി. ശനിരാത്രി 11.30ന് ആരംഭിച്ച മഴയും കാറ്റും ഞായർ പുലർച്ചെ 5.30വരെ തുടർന്നു. മണിക്കൂറിൽ 82 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്.
ആറുമണിക്കൂറിനുള്ളിൽ പെയ്‌തിറങ്ങിയ മഴ 81 മില്ലിമീറ്ററും. ഞായറാഴ്‌ച കാലാവസ്ഥവകുപ്പ് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും ഇടിമിന്നലോടുകൂടി മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ഐപിഎൽ മത്സരം നടക്കുന്ന ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തി. അതേസമയം, വെള്ളക്കെട്ട് രാഷ്‌ട്രീയ പോരിനും വഴിവെച്ചു. ബിജെപിയുടെ നാല് എൻജിൻ സർക്കാർ ഭരിക്കുന്ന ഡൽഹിയിൽ വെള്ളക്കെട്ടുണ്ടാകാത്ത ഒറ്റ റോഡുപോലുമില്ലെന്ന് എഎപി പരിഹസിച്ചു.









0 comments