രാജ്യത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഡൽഹിയിൽ 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

ന്യൂഡൽഹി: രാജ്യത്ത് ഉഷ്‌ണതരംഗത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. അടുത്ത ആറ് ദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 7 ആകുമ്പോഴേക്കും ഡൽഹിയിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുളളതായും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഡൽഹി, ദക്ഷിണ ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ, പടിഞ്ഞാറൻ മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ഉഷ്ണതരംഗമുന്നറിയിപ്പു നൽകിയിട്ടുള്ളത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും അസാധാരണമാംവിധം താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയായി, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നാല് മുതൽ ഏഴ് വരെ ഉഷ്ണതരംഗ ദിവസങ്ങൾ രേഖപ്പെടുത്താറുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവയുടെ വടക്കൻ ഭാഗങ്ങളാണ് ഉഷ്ണതരംഗങ്ങൾക്ക് കൂടുതൽ സാധ്യതയുള്ള സംസ്ഥാനങ്ങൾ. ഈ വർഷത്തെ ആദ്യത്തെ ഉഷ്ണതരംഗം കഴിഞ്ഞ ദിവസമായിരുന്നു.
ശനിയാഴ്ച ഡൽഹിയിൽ പരമാവധി താപനില 35.7 ഡിഗ്രി സെൽഷ്യസിലെത്തി. ശരാശരിയേക്കാൾ ഏകദേശം 1.7 ഡിഗ്രി കൂടുതലാണിത്. രാവിലെ ഈർപ്പത്തിന്റെ അളവ് 47% ആയിരുന്നു. വായുവിന്റെ ഗുണനിലവാരം 'മിതമായ' വിഭാഗത്തിലായിരുന്നു.
ഇന്നത്തെ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെൽഷ്യസും ആയിരിക്കാനാണ് സാധ്യത. ഇന്ത്യയിലെ ഉഷ്ണതരംഗങ്ങളുടെ തീവ്രതയും ആവൃത്തിയും കാലാവസ്ഥാ വ്യതിയാനം വർധിപ്പിക്കുന്നതായി കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. 21-ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ 70% ത്തിലധികം പ്രദേശങ്ങളും കടുത്ത ഉഷ്ണതരംഗ ഭീഷണി നേരിടേണ്ടിവരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.









0 comments