ജയ്ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാരനെ കുത്തി; ചികിത്സ തേടുന്നത് തടഞ്ഞു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ മൈമൂർ അലി മണ്ഡല്‍ എന്ന വഴിയോര കച്ചവടക്കാരനെ മൂന്ന് പേർ ചേർന്ന് കുത്തി പരിക്കൽപ്പിച്ചു. 60 വയസ്സുള്ള ഇദ്ദേഹത്തോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് കഴുത്തിലും വയറ്റിലും കുത്തി.
മൈമൂർ അലി മണ്ഡല്‍ പുനിസോൾ ഗ്രാമത്തിലെ താമസക്കാരനാണ്.
അക്രമികൾ ബങ്കുര പട്ടണത്തിലെ ലോക്പൂരിനടുത്തുള്ള കദ്മപാറയിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുണ്ട്. വഴിയോര കച്ചവടം കഴിഞ്ഞ് പതിവ് പോലെ വീട്ടിലേക്ക് മടങ്ങുമ്പോൾ റക്ഷയിൽ എത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
“കങ്കട്ടയിലെ ബാനർജി ഡയഗ്നോസ്റ്റിക് സെന്ററിന് സമീപം, ഒരു ഇ-റിക്ഷ എന്റെ സൈക്കിളിൽ ഇടിച്ച് എന്നെ തള്ളിയിട്ടു. വാഹനത്തിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ എന്റെ കൈയിൽ നിന്ന് 200 രൂപ ആവശ്യപ്പെട്ടു. ആകെയുള്ള വരുമാനമാണ്. ഞാൻ വിസമ്മതിച്ചപ്പോൾ അയാൾ ഒരു ഭോജാലി (മൂർച്ചയുള്ള ആയുധം) ഉപയോഗിച്ച് എന്റെ കഴുത്തിൽ കുത്തി, 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ ആവശ്യപ്പെട്ടു. ഞാൻ വീണ്ടും വിസമ്മതിച്ചപ്പോൾ, അയാൾ എന്റെ വയറ്റിൽ കുത്തി. അവരിൽ ആരെയും അറിയില്ല," മണ്ഡൽ പറഞ്ഞു.
തിരക്കേറിയ റോഡിൽ മണ്ഡൽ വേദനയിൽ പുളഞ്ഞ് രക്തം വാർന്ന് കിടന്നപ്പോൾ അക്രമികൾ നോക്കി നിന്നു. ചികിത്സയ്ക്കായി ബങ്കുര മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും പോയാൽ കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി. പ്രതി തന്റെ സമൂഹത്തെ ലക്ഷ്യം വച്ചുള്ള മോശം പരാമർശങ്ങളും നടത്തിയതായി മണ്ഡൽ പറയുന്നു.
പകൽ സമയത്ത് തിരക്കേറിയ റോഡിൽ നടന്ന സംഭവമാണെങ്കിലും ആരും ഇടപെട്ടില്ല. എല്ലാവരും ഭയന്ന് മാറി നിന്നു. "കുറച്ചുനേരം രക്തത്തിൽ കുളിച്ചു കിടന്നതിനു ശേഷം, മറ്റൊരു കച്ചവടക്കാരൻ എത്തി എന്നെ റോഡിൽ നിന്ന് എടുത്തുകൊണ്ടുപോയി. എന്റെ സൈക്കിളിൽ ഗ്രാമത്തിലേക്ക് എത്തിച്ചു. ചികിത്സ ലഭിക്കാൻ രാത്രി ബങ്കുര മെഡിക്കൽ കോളേജിൽ പേകേണ്ടി വന്നു.
ബങ്കുര ഇത്തരം വർഗീയ സംഭവങ്ങളുടെ ചരിത്രമില്ലാത്ത സ്ഥലമാണ്. 32 വർഷമായി ബങ്കുര പട്ടണത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും എല്ലായ്‌പ്പോഴും ആളുകൾ തന്നെ ബഹുമാനത്തോടെയാണ് പരിഗണിച്ചിട്ടുള്ളതെന്നും മണ്ഡൽ പറഞ്ഞു.
സോഷ്യൽ മീഡിയ ഹാൻഡിലുകൾ സംഭവത്തെ വർഗീയമായി ചിത്രീകരിക്കുകയാണെന്ന് ബങ്കുര അഡീഷണൽ പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് സിദ്ധാർത്ഥ് ദോർജി പറഞ്ഞു. ഒരാളെ കസ്റ്റഡിയിൽ എടുത്തതായും അറിയിച്ചു.
ഗ്രാമം വിറങ്ങലിച്ച സംഭവം
ബങ്കുരയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുനിസോൾ ഗ്രാമം, ഒണ്ട ബ്ലോക്കിലെ പുനിസോൾ ഗ്രാമപഞ്ചായത്തിന് കീഴിലാണ്.
ഒരു ലക്ഷത്തിലധികം മുസ്ലീം ജനസംഖ്യയുള്ള ജില്ലയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വാസസ്ഥലങ്ങളിൽ ഒന്നാണിത്. ചുരുക്കം ചില പ്രൈമറി സ്കൂൾ അധ്യാപകരെ ഒഴികെ ഇവിടെ സ്ഥിര വരുമാനക്കാർ ഇല്ല.
മിക്ക ഗ്രാമവാസികളും ഭൂരഹിതരാണ്. കഠിനവും അപകടകരവുമായ ജോലികളിലൂടെയാണ് അവർ ഉപജീവനമാർഗം കണ്ടെത്തുന്നത്. കല്ല് പൊട്ടിക്കൽ, മരം മുറിക്കൽ, കിണറുകൾ കുഴിക്കൽ, നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
അത്തരം ജോലികൾ ദിവസേന ലഭ്യമല്ലാത്തതിനാൽ, ചെറുപ്പക്കാരും പ്രായമായവരുമായ ആയിരക്കണക്കിന് ഗ്രാമീണർ സൂര്യോദയത്തിന് മുമ്പ് ബങ്കുര, തൽദാൻഗ്ര, ഒണ്ട, ഇന്ദ്പൂർ എന്നിവിടങ്ങളിലേക്ക് ജോലി തേടി സൈക്കിളിൽ പുറപ്പെടുന്നു.
ചിലർ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ - തകർന്ന ഫർണിച്ചറുകൾ, പഴയ ടിൻ ഷീറ്റുകൾ, ഇരുമ്പ്, അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ, പത്രങ്ങൾ, പ്ലാസ്റ്റിക് - എന്നിവ വീടുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് സ്ക്രാപ്പ് ഡീലർമാർക്ക് വിൽക്കുന്നു. പ്രാദേശികമായി, അവരെ "ടിൻ-ഭംഗ" അല്ലെങ്കിൽ "ലോഹ-ഭംഗ" കച്ചവടക്കാർ എന്ന് വിളിക്കുന്നു. രാവിലെ മുതൽ ഉച്ചവരെ ജോലി ചെയ്തതാൽ ശരാശരി 100 രൂപയാണ് ലഭിക്കുന്നത്.
ചേരിതിരിവുകളുടെ വാർത്തകൾ
അടുത്തിടെ കൽക്കട്ട സർവകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികളെ സീൽഡയിൽ "ബംഗ്ലാദേശികൾ" എന്ന് മുദ്രകുത്തി ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. കൊൽക്കത്തയിലെ ടോളിഗഞ്ച് മെട്രോ സ്റ്റേഷനിൽ അത്തർ വില്പനക്കാരെ "ബംഗ്ലാദേശികൾ" എന്ന് മുദ്രകുത്തി ആക്രമിച്ചു. കാർഷിക ജോലികൾക്കായി കന്നുകാലികളെ കൊണ്ടുപോകുമ്പോൾ ദുർഗാപൂരിൽ കർഷക തൊഴിലാളികൾ ആക്രമിക്കപ്പെട്ടു. ഈ പ്രദേശങ്ങളിൽ സാധാരണമല്ലാത്ത സംഭവങ്ങളാണ് ഇവയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.









0 comments