‘യുദ്ധത്തിന് മുന്നെ നായകൻ വീണ പട’; നാണക്കേടിൽ യുഡിഎഫ്

പി കെ സജിത്
Published on Nov 20, 2025, 07:54 AM | 1 min read
കോഴിക്കോട്: ‘വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ...’ വി എം വിനുവിന്റെ ‘വേഷം’ എന്ന സിനിമയിലെ ഇൗ പാട്ടാണിപ്പോൾ യുഡിഎഫ് ക്യാന്പിൽ ഉയരുന്നത്. വി എം വിനുവിന് വോട്ടുപോയി, യുഡിഎഫിനാകട്ടെ തെരഞ്ഞെടുപ്പിന് മുന്നേ നാണംകെട്ട സ്ഥിതിയുമായി. പതിറ്റാണ്ടുകളായി എൽഡിഎഫിനൊപ്പം നിൽക്കുന്ന കോർപറേഷൻ ഭരണം തിരിച്ചുപിടിക്കുമെന്ന വീരവാദവുമായി പടക്കളത്തിലിറങ്ങിയവർക്ക് പടനായകനെ നഷ്ടമായ ദയനീയാവസ്ഥയാണിപ്പോൾ.
കോൺഗ്രസ് രംഗത്തിറക്കിയ സംവിധായകൻ വി എം വിനുവിന് വോട്ടില്ലാത്തതിനാൽ കല്ലായിയിൽ സ്ഥാനാർഥിയാകാനായില്ല. ഇതോടെ യുദ്ധം തുടങ്ങുംമുന്പ് കീഴടങ്ങിയ നിലയിലായി യുഡിഎഫ്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടുണ്ടോ എന്നുപോലും അറിയാത്ത നേതാക്കളെന്ന കളിയാക്കലാണ് കോൺഗ്രസ് നേരിടുന്നത്. കോഴിക്കോട് പിടിച്ചടക്കാനെത്തിയ എഐസിസി അംഗം രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് നാണക്കേടിനാൽ തല ഉയർത്താനാകാത്ത സ്ഥിതി. അതേസമയം, വി എം വിനുവിന് വോട്ടില്ലാത്തതിന് തെരഞ്ഞെടുപ്പ് കമീഷനെയും എൽഡിഎഫിനെയും കുറ്റപ്പെടുത്തുകയായിരുന്നു കോൺഗ്രസ് നേതാക്കൾ. 2020ൽ വോട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറടക്കമുള്ളവർ വാദിച്ചു. എന്നാൽ അതും പൊളിഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിനുവിന് വോട്ടുണ്ടായിരുന്നില്ല.
‘ചെന്നിത്തലയുടെയും നേതാക്കളുടെയും സമ്മർദത്തിന് വഴങ്ങി കുപ്പായമിട്ട വി എം വിനുവാകട്ടെ നേതാക്കളുടെ വാക്ക് കേട്ട് ഹൈക്കോടതിയിൽ പോയെങ്കിലും രക്ഷയുണ്ടായില്ല. അവിടെയും തിരിച്ചടിയേറ്റു. കേരളത്തിന്റെ അഭിമാനമായ സംവിധായകൻ വി എം വിനുവിനെ സ്ഥാനാർഥിയാക്കി അപമാനിച്ചതിൽ കോൺഗ്രസ് മാപ്പുപറയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചശേഷം വോട്ടർ പട്ടികയിൽ ചേർക്കാൻ അവസരമുണ്ടായിട്ടും അതുചെയ്യാതെ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ കൊണ്ട് വേഷം കെട്ടിക്കുകയായിരുന്നുവെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. പ്രശ്‌നത്തിൽ മുസ്ലിംലീഗടക്കം കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്നുണ്ട്.








0 comments