നാടിൻ നൊമ്പരമായി; ഹെയ്സലിന്റെ സംസ്ക്കാരം രാവിലെ 11 മണിക്ക്

ചെറുതോണി: ഗിരിജ്യോതി സ്കൂളിലുണ്ടായ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞിന്റെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിലായിരുന്നു ബുധനാഴ്‌ച ഇടുക്കി ജില്ലാ ആസ്ഥാനം. രാവിലെ ഒമ്പതിന് വാഴത്തോപ്പ് ഗിരിജ്യോതി കോളേജിലെ പ്ലേസ്‌കൂൾ വിദ്യാർഥിനി തടിയമ്പാട് പറപ്പള്ളിൽ ബെൻ ജോൺസണിന്റെയും ജീവയുടേയും മകൾ ഹെയ്സൽ ബെന്നിന്റെ മരണം നാടിന്റെ നൊന്പരമായി.
കൂട്ടുകാരിയായ തടിയമ്പാട് കുപ്പശേരിൽ ആഷിക്കിന്റെയും, ഡോ. ജെറി മുഹമ്മദിന്റെയും മകൾ ഇനായ തെഹസിലിന് വലതു കാലിന് പരിക്കേൽക്കുകയും ചെയ്‌തു. രാവിലെ ഒന്പതിന് വാഴത്തോപ്പ് അപകടവിരവമറിഞ്ഞയുടെനെ ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു, ഡിവൈഎസ്പി രാജൻ കെ അരമന എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കിയിൽനിന്നും പൊലീസെത്തി നടപടി സ്വീകരിച്ചു.
ഹെയ്സൽ ബെന്നിന്റെസംസ്കാരം വ്യാഴാഴ്‌ച സെന്റ് ജോർജ് പള്ളിയിൽ രാവിലെ 11ന് നടക്കും. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് ഇന്നലെ വിട്ടുകൊടുത്തിരുന്നു.
കുഞ്ഞനുജത്തിക്ക് പിന്നാലെ ഹെയ്‌സലും തീരദുഃഖത്തിൽ പറപ്പള്ളികുടുംബം
തടിയമ്പാട് പറപ്പള്ളിൽ കുടുംബത്തിൽ ഹെയ്സൽ ബെന്നിന്റെ മരണം തീരാദുഖമാണുണ്ടാക്കിയത്. അടിമാലി മച്ചിപ്ലാവിലുള്ള ഹെയ്‌സലിന്റെ അച്ഛൻ ബെൻ ജോൺസണിന്റെ സഹോദരി സ്റ്റെല്ല മരിയയുടെ മൂന്നര വയസുള്ള കുഞ്ഞ് ആറുമാസം മുമ്പാണ് മരിച്ചത്. ഇതിന്റെ സങ്കടത്തിൽ നിന്ന് മുക്തിനേടുന്നതിനു മുന്നേയാണ് ഹെയ്സൽ ബെന്നിന്റെ മരണം. ഹെയ്സലിന്റെ അച്ഛൻ പി ബെൻ ജോൺസൺ സ്വകാര്യ ആശുപത്രിയിൽ പിആർഒയാണ്. അമ്മ ജീവ തൊടുപുഴ സഹകരണ ആശുപത്രിയിൽ നഴ്‌സിങ് പഠനം നടത്തുകയാണ്. അച്ഛനമ്മമാർ ജോലിക്കും പഠനത്തിനുമായി പോകുന്പോൾ വല്ല്യച്ഛൻ ബെബിയുടേയും വല്യഅമ്മ മേരിയുടേയും സംരക്ഷണയിലാണ് കുട്ടിവളർന്നിരുന്നത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബേബിയും മേരിയും മെഡിക്കൽ കോളേജിൽ ബോധരഹിതരായി വീണു. ഇരുവർക്കും മെഡിക്കൽ കോളേജിൽ ചികിത്സ നൽകി.
‘സ്‌കൂൾ തുറന്നാലുടൻ കുട്ടികൾക്ക് കൗൺസലിങ്’
ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ വാഹനാപകടമുണ്ടായ വാർത്തയറിഞ്ഞയുടനെ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ മിനി കെ ജോണും ഉദ്യോഗസ്ഥരും സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദൃക്സാക്ഷികളായ കുട്ടികളെ സമാധാനിപ്പിക്കുകയും എവിടെയെങ്കിലും കുട്ടികൾ പേടിച്ച് ഒളിച്ചിരിപ്പുണ്ടോയെന്ന് സ്കൂളിൽ പരിശോധന നടത്തി. പിന്നീട് ആശുപത്രിയിലെത്തി പരിക്കുപറ്റിയ കുട്ടിയേയും രക്ഷിതാക്കളെയും സമാധാനിപ്പിക്കുകയും ചെയ്തു. സ്കൂൾ തുറന്നാലുടനെ കുട്ടികൾക്ക് കൗൺസലിങ്ങ് നടത്തുമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.







0 comments