തുരങ്കപാത നിർമാണം അതിവേഗം; തുരക്കാൻ യന്ത്രങ്ങളെത്തി

തുരങ്കപാത നിർമണാത്തതിനായി എത്തിച്ച റോക്ക് ഡ്രിൽ ബൂമറുകൾ
വി ജെ വർഗീസ്
Published on Nov 20, 2025, 08:57 AM | 1 min read
കള്ളാടി(മേപ്പാടി): വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ– -കള്ളാടി– മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി അതിവേഗത്തിൽ. ഭീമൻപാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ വയനാട്ടിലെത്തി. തുരങ്കം ആരംഭിക്കുന്ന മേപ്പാടി മീനാക്ഷിക്കുന്നിലേക്കുള്ള റോഡ് നിർമാണവും ഡംപിങ് യാർഡുകളുടെയും ക്രഷറുകളുടെയും പ്രവൃത്തിയും പുരോഗമിക്കുകയാണ്. കള്ളാടിയിൽനിന്ന് മലയടിവാരംവരെ റോഡ് വെട്ടികയറുകയാണ്. നിരവധി തൊഴിലാളികളും യന്ത്രങ്ങളുമുണ്ട്. പവർസ്‌റ്റേഷനുള്ള ഉപകരണങ്ങളും എത്തിച്ചു.
ആനക്കാംപൊയിൽ ഭാഗത്ത് ഇരവഴിഞ്ഞിപ്പുഴയിൽ താൽകാലിക പാലം നിർമിച്ച് മെഷിനറികൾ എത്തിച്ചുതുടങ്ങി. യന്ത്രങ്ങൾ പൂർണമായി എത്തിക്കഴിഞ്ഞാൽ തുരങ്കം തുടങ്ങുന്ന സ്വർഗംകുന്നിലേക്കുള്ള റോഡിന്റെ പ്രവൃത്തി ആരംഭിക്കും. ഇതോടൊപ്പം ഇരവഞ്ഞിപുഴയിൽ പാലം നിർമാണവും അപ്രോച്ച് റോഡ് പ്രവൃത്തിയും തുടങ്ങും.
തുരങ്കപാത നിർമാണ കന്പനിയായ ദിലീപ് ബിൽഡ്‌കോൺ ഉത്തരാഖണ്ഡിലെ ഋഷികേശിൽനിന്നാണ് രണ്ട് റോക്ക് ഡ്രിൽ ബൂമർ വയനാട്ടിൽ എത്തിച്ചത്. വലിയ ട്രക്കിൽ പ്രത്യേകമായി സ്ഥാപിച്ച പ്ലാറ്റ്ഫോമിലാണ് കൊണ്ടുവന്നത്. കൽപ്പറ്റ ബൈപ്പാസിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കിൽനിന്നിറക്കി ബൂമറുകൾ കള്ളാടിയിലേക്ക് എത്തിക്കും.
മേപ്പാടി കള്ളാടി ഭാഗത്ത് തുരങ്കപാതയുടെ നിർമാണപ്രവൃത്തി
ബൂമർ പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം ലഭിച്ച രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികളും എത്തിയിട്ടുണ്ട്. ആനക്കാംപൊയിൽ ഭാഗത്തേക്കുള്ള ബൂമറും അടുത്തദിവസം കൊണ്ടുവരും. കൃത്യമായ അളവിലും ആഴത്തിലും റോക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ച് തുരങ്കം നിർമിക്കാനാകും. കട്ട് ആൻഡ് കവർ രീതിയിലാകും നിർമാണം. ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യയിലാണ് തുരക്കൽ. പാറയുടെ കാഠിന്യം അനുസരിച്ച് മാർഗം തെരഞ്ഞെടുക്കും. കാഠിന്യം കുറഞ്ഞ പാറയാണെങ്കിൽ സോഫ്‌റ്റ് ഡ്രില്ലിങ്ങാകും. കാഠിന്യം കൂടിയതാണെങ്കിൽ നിയന്ത്രിത സ്‌ഫോടനത്തിലൂടെയാകും തുരക്കൽ.
കഴിഞ്ഞ ആഗസ്‌ത് 31ന് ആണ് തുരങ്കപാതയുടെ നിർമാണ ഉദ്‌ഘാടനം ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഇതിന് പിന്നാലെ പ്രവൃത്തി ആരംഭിച്ചു. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെയാകെ വികസനത്തിൽ കുതിപ്പാകും. കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് 22 കിലോമീറ്റർകൊണ്ട് വയനാട്ടിലെ മേപ്പാടിയിലെത്താം. 2043 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.








0 comments