മുഖ്യമന്ത്രിക്കെതിരായ കൊലവിളി: ടീനാ ജോസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി അഭിഭാഷകൻ

teena jose
വെബ് ഡെസ്ക്

Published on Nov 20, 2025, 09:49 AM | 1 min read

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഡിജിപിക്ക് പരാതി നൽകിയത്.


teena jose.jpg


തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുന്നതു സംബന്ധിച്ചുള്ള ഫേസ്ബുക് പോസ്റ്റിലാണ് ടീന ജോസ് കൊലവിളി ആഹ്വാനവുമായി കമൻറിട്ടത്. സെൽട്ടൺ എൽ. ഡിസൂസ എന്ന വ്യക്തിയുടെ പോസ്റ്റിനു കീഴെയായിരുന്നു ഇത്. കമൻറിട്ടതിനു പിന്നാലെ നിരവധി പേർ ഇവർക്കെതിരെ രംഗത്തെത്തി.


രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണമെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ കമന്റിട്ട ടീന ജോസ്‌, വിവാദ വ്യവസായി സാബു ജേക്കബ് നേതൃത്വം നൽകുന്ന ട്വന്റി 20യുടെ കടുത്ത പ്രചാരക. സിസ്‌റ്റർ ടീന ജോസ്‌ (മേരി ട്രീസ പി ജെ) എന്ന പ്രൊഫൈലിൽനിന്നാണ്‌ മറ്റൊരു ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്‌ താഴെ കമന്റിട്ടത്‌.


മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണം വൈകിട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു എന്ന്‌ ഒരാൾ ഫെയ്‌സ്‌ബുക്കിൽ ഇട്ട പോസ്‌റ്റിന്‌ താഴെയാണ്‌ "അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’ എന്ന് ടീന കമന്റിട്ടത്. ഇതിനെതിരെ സമൂഹമാധ്യമത്തിലടക്കം കടുത്ത പ്രതിഷേധമാണ്‌ ഉയരുന്നത്‌.


ട്വന്റി 20യുടെ തുടക്കംമുതൽ സാബു ജേക്കബുമായി ചേർന്ന്‌ പ്രവർത്തിക്കുന്ന ഇവർ, അഭിഭാഷകയാണെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രാക്ടീസ്‌ ചെയ്യുന്നില്ല. ട്വന്റി 20ക്കുവേണ്ടി മറ്റു ജില്ലകളിൽ യോഗങ്ങൾ സംഘടിപ്പിക്കുന്നത്‌ ഇവരാണ്‌. യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കുന്നത്തുനാട്‌ എംഎൽഎ പി വി ശ്രീനിജിനെയും അറയ്‌ക്കുന്ന ഭാഷയിലാണ്‌ ആക്ഷേപിക്കുന്നത്‌. തദ്ദേശതെരഞ്ഞെടുപ്പിൽ ട്വന്റി 20ക്കെതിരെ ഉയരുന്ന ജനരോഷമാകാം ഇപ്പോഴത്തെ പ്രകോപനത്തിന്‌ കാരണം.


ടീന ജോസ്‌ കത്തോലിക്കാസഭയ്‌ക്കും ബിഷപ്പുമാർക്കുമെതിരെ ചാനൽചർച്ചകളിലും നീചമായ ഭാഷയിലാണ്‌ പ്രതികരിച്ചിട്ടുള്ളത്‌. ഇവരുമായി സിഎംസി കോൺഗ്രിഗേഷന്‌ ബന്ധമില്ലെന്ന്‌ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്‌. 2009 മാര്‍ച്ച് 26ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍നിന്ന്‌ പുറത്തുപോകാൻ ഡിസ്പെന്‍സേഷന്‍ നൽകിയിരുന്നു. ഇതിനെതിരെ വത്തിക്കാനിലും ഹൈക്കോടതിയിലും മേരി ട്രീസ (ടീന ജോസ്) അപ്പീൽ പോയെങ്കിലും സിഎംസി സന്യാസിനീ സമൂഹത്തിന് അനുകൂലമായാണ് വിധിവന്നതെന്ന്‌ സഭ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Home