സ്വത്തുതർക്കം: സ്‌ത്രീകൾ വിൽപത്രം തയ്യാറാക്കണമെന്ന് ഉപദേശിച്ച് സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Nov 20, 2025, 09:47 AM | 1 min read
ന്യൂഡൽഹി: ഭാവിയിൽ ബന്ധുക്കൾ തമ്മിലുള്ള സ്വത്തുതർക്കം ഒഴിവാക്കുന്നതിന് സ്‌ത്രീകൾ, പ്രത്യേകിച്ച് ഹിന്ദുസ്‌ത്രീകൾ വിൽപത്രം തയ്യാറാക്കിവെയ്‌ക്കണമെന്ന ഉപദേശവുമായി സുപ്രീംകോടതി. ഹിന്ദുപിന്തുടർച്ചാവകാശ നിയമത്തിൽ മരണമടയുന്ന സ്‌ത്രീയുടെ സ്വത്തിൽ സ്വന്തം മാതാപിതാക്കളെക്കാളും സഹോദരങ്ങളെക്കാലും കൂടൂതൽ പരിഗണന ഭർത്താവിന്റെ കുടുംബത്തിന് നൽകുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന ഹർജി തള്ളിയാണ് ജസ്‌റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരുടെ ഉപദേശം.
ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരവും പിന്തുടർച്ച നിയമപ്രകാരവും പ്രായഭേദമന്യേ എല്ല സ്‌ത്രീകളും വിൽപത്രം തയ്യാറാക്കണം. സ്‌ത്രീകളുടെ, പ്രത്യേകിച്ച് ഹിന്ദു സ്‌ത്രീകളുടെ സ്വത്തിനെ സംബന്ധിച്ചുള്ള തർക്കം ഒഴിവാക്കാനാണിത് പറയുന്നത്. ഹിന്ദുസ്‌ത്രീ ഭർത്താവോ മക്കളോ ഇല്ലാതെ മരണമടഞ്ഞാൽ ഭർത്താവിന്റെ അനന്തരാവകാശികൾക്ക് സ്വത്ത് പോകുമെന്നാണ് ഹിന്ദുപിന്തുടർച്ചാവകാശ നിയമത്തിന്റെ 15(എ)യിൽ പറയുന്നത്.
ഭർത്താവിന് അനന്തരാവകാശികൾ ഇല്ലെങ്കിൽ മാത്രമായിരിക്കും 15(ബി) പ്രകാരം മരണമടഞ്ഞ സ്‌ത്രീയുടെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ സ്വത്തുലഭിക്കുക. ഹിന്ദു സാമൂഹിക പാരമ്പര്യങ്ങളുമായി ഇഴചേർന്നിരിക്കുന്നതും ആയിരക്കണക്കിന് വർഷങ്ങളായി പിന്തുടരുന്നതുമായ രീതികൾക്ക് വകുപ്പ് റദ്ദാക്കി വിഘാതം സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നില്ലന്നാണ് ഹർജി തള്ളിയ ഉത്തരവിൽ കോടതി പറഞ്ഞത്.









0 comments