ഹരിയാന ഭൂമിയിടപാട്‌ കേസ്: റോബർട്ട്‌ വധ്രയ്ക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

ROBERT VADRA
വെബ് ഡെസ്ക്

Published on Jul 17, 2025, 06:06 PM | 1 min read

ന്യൂഡൽഹി: ബിസിനസുകാരനും വയനാട്‌ എം പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട്‌ വധ്രയ്ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കുറ്റപത്രം. വധ്രയ്ക്കെതിരെ ക്രിമിനൽ കേസിൽ ഏതെങ്കിലും അന്വേഷണ ഏജൻസി പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്യുന്നത് ഇതാദ്യമായാണ്.


റോബർട്ട്‌ വധ്രയ്ക്കൊപ്പം മറ്റ് ചിലർക്കുമെതിരെ സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ചത്. ഏപ്രിലിൽ തുടർച്ചയായി മൂന്ന് ദിവസം വധ്രയെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ചോദ്യം ചെയ്തിരുന്നു.


ഹരിയാനയിലെ മനേസർ-ഷിക്കോപൂരിലെ (ഇപ്പോൾ സെക്ടർ 83) ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വധ്രയ്‌ക്കെതിരായ അന്വേഷണം. 2008 ഫെബ്രുവരിയിൽ വധ്ര ഡയറക്ടറായിരുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഓങ്കാരേശ്വർ പ്രോപ്പർട്ടീസുമായി നടത്തിയ ഭൂമി ഇടപാടിലാണ് കേസ്. ഷിക്കോപൂരിലെ 3.5 ഏക്കർ ഭൂമി 7.5 കോടി രൂപയ്ക്കാണ് വധ്രയുടെ കമ്പനി വാങ്ങിയത്.


ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സർക്കാരാണ് അന്ന് അധികാരത്തിലുണ്ടായിരുന്നത്. നാല് വർഷത്തിന് ശേഷം 2012 സെപ്റ്റംബറിൽ കമ്പനി ആ ഭൂമി ഡിഎൽഎഫിന് 58 കോടിക്ക് വിറ്റു.


2012 ഒക്ടോബറിൽ ഹരിയാനയിലെ ലാൻഡ് രജിസ്ട്രേഷൻ ഡയറക്ടർ ജനറലായി നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേംക ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ റദ്ദാക്കിയിരുന്നു. സംസ്ഥാന ഏകീകരണ നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ചായിരുന്നു നടപടി.


എന്നാൽ രാഷ്ട്രീയവേട്ടയാണെന്ന്‌ ആവർത്തിച്ച്‌ അവകാശപ്പെടുന്ന വധ്ര ആരോപണങ്ങൾ നിഷേധിച്ചു. ഈ കേസ് തനിക്കും കുടുംബത്തിനുമെതിരായ ഒരു "രാഷ്ട്രീയ പകപോക്കലാണെന്ന്" വധ്ര പറഞ്ഞു. യുകെ ആസ്ഥാനമായുള്ള ആയുധ ഉപദേഷ്ടാവ് സഞ്ജയ് ഭണ്ഡാരിക്കെതിരായ കേസ്, രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമി ഇടപാട് എന്നിവയുൾപ്പെടെ രണ്ട് കേസുകളിൽ വധ്രയ്‌ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home