കശ്മീരിൽ ആലിപ്പഴവർഷം: ആപ്പിൾ തോട്ടങ്ങളിൽ കനത്ത നാശം

Hailstorm
avatar
ഗുൽസാർ നഖാസി

Published on Apr 19, 2025, 07:09 PM | 1 min read

ശ്രീനഗർ: തെക്കൻ കശ്മീരിൽ മഴക്കൊപ്പമുണ്ടായ കനത്ത ആലിപ്പഴവർഷത്തെ തുടർന്ന്‌ ആപ്പിൾ തോട്ടങ്ങളിൽ കനത്ത നാശം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താഴ്‌വരയിലെ ഷോപ്പിയാനിലും കുൽഗാമിലുമാണ്‌ ശക്തമായ രീതിയിൽ ആലിപ്പഴ വീഴ്‌ചയുണ്ടായത്‌. പല തോട്ടങ്ങളിലും ആപ്പിൾചെടികൾ പൂവിടുന്ന സമയമായിരുന്നുവെന്ന്‌ കർഷകനായ താരിഖ് അഹമ്മദ് പറഞ്ഞു.


ഷോപിയാൻ ജില്ലയിലെ കെല്ലർ, ബൽപോറ, ഷിർമാൽ, കണിപോറ, ഷദാബ് കരേവ, സെഡോ, ചോട്ടിപോറ, ഡോൺവാനി, പോഷ്പോറ, നാസിംപോറ എന്നീ ഗ്രാമങ്ങളെയാണ്‌ ആലിപ്പഴവർഷം ഏറ്റവും കൂടുതൽ ബാധിച്ചത്.


"ശനിയാഴ്ച പലതവണയായി ആലിപ്പഴം പെയ്തു. അത്‌ ആപ്പിൾ തോട്ടങ്ങൾക്ക് നാശനഷ്ടം വരുത്തി," കുൽഗാമിൽ നിന്നുള്ള കർഷകനായ ജാവേദ് അഹമ്മദ് പറഞ്ഞു. കുൽഗാം ജില്ലയിലെ നൂറാബാദ്, ഗുദ്ദാർ, അഷ്മുജി, ബെഹിബ, മാൽവാ എന്നിവിടജ്ങളിലാണ്‌ കൂടുതൽ നാശനഷ്‌ടം ഉണ്ടായത്‌. ബന്ദിപ്പോര ജില്ലയില തുലൈൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച മൂലം സ്കൂളുകൾ അടച്ചു.


ശക്തമായ ആലിപ്പഴ വർഷവും മഴയും മൂലം ആപ്പിൾ കൃഷിയിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങളിൽ ആപ്പിൾ ഫാർമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ജമ്മു കശ്മീർ) പ്രസിഡന്റ് സഹൂർ അഹമ്മദ് റാത്തർ ആശങ്ക പ്രകടിപ്പിച്ചു. "ഓരോ വർഷവും ആപ്പിൾ കർഷകർ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതം സഹിക്കേണ്ടിവരുന്നു, കൂടാതെ സമഗ്ര ഇൻഷുറൻസ് പദ്ധതികളുടെ അഭാവവും കർഷകരെ വലയ്ക്കുന്നതായി", റാഥർ പറഞ്ഞു.


"കശ്മീരിലെ കർഷകരുടെ ആവശ്യങ്ങൾക്കനുസൃതമായി സർക്കാർ ഒരു സമഗ്ര വിള ഇൻഷുറൻസ് പോളിസി അവതരിപ്പിക്കണം," അദ്ദേഹം പറഞ്ഞു. കർഷക സൗഹൃദ പദ്ധതികളില്ലെങ്കിൽ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home