ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; മരണസംഖ്യ ഉയരുന്നു

bridge collapse gujarat model
വെബ് ഡെസ്ക്

Published on Jul 10, 2025, 05:07 PM | 1 min read

വഡോദര: ​ഗുജറാത്തിലെ വഡോ​ദരയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്. ഇതുവരെ 16 പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 3 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതായാണ് വിവരം. പ്രദേശത്ത് തെരച്ചിലും രക്ഷാദൗത്യവും പുരോ​ഗമിക്കുകയാണ്.


പരിക്കേറ്റ അഞ്ച് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വഡോദര ജില്ലാ പൊലീസ് സൂപ്രണ്ട് റോഹൻ ആനന്ദ് പറഞ്ഞു. ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇതിൽ അഞ്ച് പേർക്കാണ് പരിക്കേറ്റിരുന്നത്. ഇവർ വഡോദരയിലെ എസ്എസ്ജി ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും ആനന്ദ് പറഞ്ഞു.


ബുധനാഴ്ച രാവിലെ ഏഴോെടെയാണ് പാലം തകർന്നത്. മ​ഹിസാ​ഗർ നദിക്കു കുറുകെയുള്ള ഗാംഭീര പാലമാണ് തകർന്നത്. പാലത്തിന്റെ ഒരു ഭാ​ഗം തകർന്ന് മ​ഹിസാ​ഗർ നദിയിലേക്ക് വീഴുകയായിരുന്നു. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്നാണ് നിരവധി വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്.


ഗുജറാത്തിലെ വഡോദര, ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 900 മീറ്റർ നീളമുള്ള പാലത്തിന് 23 തൂണുകളാണുള്ളത്. ആറ് വാഹനങ്ങൾ നദിയിൽ വീണതായാണ് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞത്. 1985 ലാണ് പാലം നിർമ്മിച്ചതെന്നും ആവശ്യാനുസരണം ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.


ഉന്നതതല അന്വേഷണം നടത്താൻ റോഡ്സ് ആൻഡ് ബിൽഡിംഗ്സ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം വ്യാഴാഴ്ച പുലർച്ചെ സ്ഥലത്ത് എത്തിയതായി ​ഗുജറാത്ത് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. എൻ‌ഡി‌ആർ‌എഫും മറ്റ് ഏജൻസികളും നദിയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിവരികയാണ്.


പാലം തകർന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. രണ്ട് തൂണുകൾക്കിടയിലുള്ള പാലത്തിന്റെ മുഴുവൻ സ്ലാബും തകർന്നതായി ദൃശ്യങ്ങളിൽ കാണാം.



deshabhimani section

Related News

View More
0 comments
Sort by

Home