അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം; ഗുജറാത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് നോട്ടീസ്

ഗാന്ധിനഗർ: അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് ഗുജറാത്ത് കോടതിയുടെ നോട്ടീസ്. മാധ്യമ പ്രവർത്തകരായ അഭിസാർ ശർമ, രാജു പരുലേക്കർ എന്നിവർക്കാണ് ഗാന്ധിനഗർ കോടതിയാണ് നോട്ടീസയച്ചത്.
വ്യാജവും അപകീർത്തികരവുമായ സന്ദേശങ്ങളിലൂടെ കമ്പനിയുടെ പ്രശസ്തിയെ യൂട്യൂബറായ അഭിസാറും, ബ്ലോഗറായ രാജു പരുലേക്കറും കളങ്കപ്പെടുത്തിയെന്നാണ് കേസ്. സെപ്തംബർ 20ന് ഗാന്ധിനഗറിലെ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ആഗസ്ത് 18ന് അഭിസാർ പ്രക്ഷേപണം ചെയ്ത യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ് പരാതി. ആസാമിലെ ഏക്കറുകണക്കിന് ഭൂമി രാഷ്ട്രീയ താൽപ്പരങ്ങൾക്കു വഴങ്ങി അദാനി ഗ്രൂപ്പിന് അനുവദിച്ചുവെന്നാണ് വീഡിയോയിൽ പറയുന്നത്. അദാനി ഗ്രൂപ്പിനെതിരെ ഭൂമി കൈയേറ്റങ്ങൾ, അഴിമതികൾ, അനാവശ്യ ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ച് രാജുവും നിരവധി ട്വീറ്റുകൾ നടത്തിയിരുന്നു.









0 comments