ഗുജറാത്തിലെ പാലം അപകടം; മരണം 19 ആയി

അഹമ്മദാബാദ്: ഗുജറാത്തിലെ പാലം അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. പാലം തകർന്നതിനെ തുടർന്ന് നദിയിലേക്ക് വീണ രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
എസ്‌എസ്‌ജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരേന്ദ്രസിൻഹ പാർമാർ (65) ആണ് മരിച്ചത്. ആശുപത്രിയിൽ അഞ്ച് പേർ കൂടി നിലവിൽ ചികിത്സയിലാണ്. വ്യാഴാഴ്‌ച രാത്രിയോടെ 18 പേരുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു.
വഡോദരയിലെ മഹിസാഗർ നദിക്കു കുറുകെയുള്ള ഗാംഭീര പാലമാണ് തകർന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് മറിയുകയായിരുന്നു. ഗുജറാത്തിലെ വഡോദര, ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 900 മീറ്റർ നീളമുള്ള പാലത്തിന് 23 തൂണുകളാണുള്ളത്. 1985ൽ നിർമിച്ച പാലമാണിത്.
ജൂലൈ ഒൻപത് രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. രണ്ട് ട്രക്കുകളും രണ്ട് വാനുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞുവെന്ന് പാദ്ര പൊലീസ് ഇൻസ്പെക്ടർ വിജയ് ചരൺ പറഞ്ഞു.









0 comments