ജിഎസ്‌ടി നിരക്ക് പരിഷ്‌കരണം കേരളത്തിന്റെ നികുതി വരുമാനത്തെ ബാധിക്കും: കെ എൻ ബാലഗോപാൽ

ന്യൂഡൽഹി: പുതിയ ജിഎസ്ടി രീതി കേരളത്തിന്റെ നികുതി വരുമാനത്തെ ബാധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നികുതിയിനത്തിൽ കഴിഞ്ഞ വർഷം 54000 കോടി രൂപ സംസ്ഥാനത്തിന് കിട്ടണ്ടതായിരുന്നു. പക്ഷെ 32600 കോടി മാത്രമാണ് ലഭിച്ചത്. ജിഎസ്ടി വന്നതിന് ശേഷം മാത്രം 20000 കോടിയിലേറെ രൂപയുടെ കുറവുണ്ട്. അത് നമ്മുടെ സംസ്ഥാനത്തെയാകെ ബാധിക്കും. പുതിയ ജിഎസ്‌ടി നിരക്ക് നിലവിൽ വന്നാൽ ഇതിൽ കൂടുതൽ പണം സംസ്ഥാനത്തിന് നഷ്ടമാകും. സംസ്ഥാനങ്ങൾക്ക് പണമില്ലാത്ത അവസഥ വരുമെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണക്കാരന് ഒരിക്കലും പുതിയ നിരക്കിന്റെ പ്രയോജനം ലഭിക്കില്ല, മറിച്ച് വൻകിട ബിസിനസുകാർക്ക് മാത്രമെ ലഭിക്കുന്നുള്ളു എന്നതാണ് അനുഭവംം. അതുകൊണ്ടാണ് സംസ്ഥാനങ്ങൾ നിർദേശങ്ങൾ വയ്ക്കുന്നത്. പ്രതിപക്ഷം ഭരണപക്ഷം എന്ന വാശിയുംടെ പ്രശ്നമേയില്ല. ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയുമൊക്കെ ഉറപ്പുവരുത്താനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച ജിഎസ്‌ടി നിരക്ക് പരിഷ്‌കരണം ചർച്ചചെയ്യാൻ ജിഎസ്‌ടി കൗൺസിൽ യോഗം ഡൽഹിയിൽ തുടങ്ങി. ഇന്നും നാളെയുമാണ് യോഗം ചേരുന്നത്. 12 ശതമാനം, 28 ശതമാനം നികുതി സ്ലാബുകൾ ഒഴിവാക്കണമെന്ന നിർദേശമാണ് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന 56–ാം ജിഎസ്‌ടി കൗൺസിൽ യോഗം മുഖ്യമായും പരിഗണിക്കുന്നത്.
Related News
പുതിയ നിർദേശം കൗൺസിൽ അംഗീകരിച്ചാൽ നിലവിലെ 12 ശതമാനം സ്ലാബിലെ ഭൂരിഭാഗം ഉൽപ്പന്നങ്ങളും അഞ്ചുശതമാനത്തിലേക്കും 28 ശതമാനം സ്ലാബിലെ ഉൽപ്പന്നങ്ങൾ 18 ശതമാനത്തിലേക്കും മാറും. മൊബൈൽ ഫോൺ, കംപ്യൂട്ടർ, മോട്ടോർ വാഹനങ്ങൾ, ഫ്രിഡ്‌ജ്, ടിവി, എസി, സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ചെരിപ്പ്, കുട, പാലുൽപ്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ തുടങ്ങിയവയുടെ വില കുറയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
പരിഷ്‌കാരം നികുതി വരുമാനം ഗണ്യമായി ഇടിക്കുമെന്ന ആശങ്ക സംസ്ഥാന സർക്കാരുകള്‍ക്കുണ്ട്. നഷ്‌ടം നികത്താൻ പാക്കേജ് വേണമെന്ന് കേരളം ഉൾപ്പെടെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഇതിനോട് പ്രതികരിച്ചിട്ടില്ല. പുതിയ നിര്‍ദേശം ജിഎസ്‌ടി വരുമാനത്തിൽ പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടാക്കുമെന്നാണ് കണക്ക്. കേരളത്തിന് പതിനായിരം കോടി രൂപ നഷ്‌ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രീമിയത്തിനുള്ള 18 ശതമാനം ജിഎസ്‌ടി ഒഴിവാക്കണമെന്ന നിർദേശവും കൗൺസിൽ പരിഗണിക്കും.









0 comments