ജിഎസ്‌ടി കൗൺസിൽ യോഗം ഇന്നും നാളെയും ; നികുതി പരിഷ്‌കരണം അജൻഡ

ന്യൂഡൽഹി
പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച ജിഎസ്‌ടി നിരക്ക് പരിഷ്‌കരണം ചർച്ചചെയ്യാൻ ജിഎസ്‌ടി കൗൺസിൽ യോഗം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഡൽഹിയിൽ ചേരും. 12 ശതമാനം, 28 ശതമാനം നികുതി സ്ലാബുകൾ ഒഴിവാക്കണമെന്ന നിർദേശമാണ് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന 56–ാം ജിഎസ്‌ടി കൗൺസിൽ യോഗം മുഖ്യമായും പരിഗണിക്കുക.
നിർദേശം കൗൺസിൽ അംഗീകരിച്ചാൽ നിലവിലെ 12 ശതമാനം സ്ലാബിലെ ഭൂരിഭാഗം ഉൽപ്പന്നങ്ങളും അഞ്ചുശതമാനത്തിലേക്കും 28 ശതമാനം സ്ലാബിലെ ഉൽപ്പന്നങ്ങൾ 18 ശതമാനത്തിലേക്കും മാറും. മൊബൈൽ ഫോൺ, കംപ്യൂട്ടർ, മോട്ടോർ വാഹനങ്ങൾ, ഫ്രിഡ്‌ജ്, ടിവി, എസി, സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ചെരിപ്പ്, കുട, പാലുൽപ്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ തുടങ്ങിയവയുടെ വില കുറയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
പരിഷ്‌കാരം നികുതി വരുമാനം ഗണ്യമായി ഇടിക്കുമെന്ന ആശങ്ക സംസ്ഥാന സർക്കാരുകള്‍ക്കുണ്ട്. നഷ്‌ടം നികത്താൻ പാക്കേജ് വേണമെന്ന് കേരളം ഉൾപ്പെടെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഇതിനോട് പ്രതികരിച്ചിട്ടില്ല. പുതിയ നിര്‍ദേശം ജിഎസ്‌ടി വരുമാനത്തിൽ പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടാക്കുമെന്നാണ് കണക്ക്. കേരളത്തിന് പതിനായിരം കോടി രൂപ നഷ്‌ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രീമിയത്തിനുള്ള 18 ശതമാനം ജിഎസ്‌ടി ഒഴിവാക്കണമെന്ന നിർദേശവും കൗൺസിൽ പരിഗ ണിക്കും.









0 comments