രാഷ്‌ട്രപതിയുടെ റഫറൻസ്‌: ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ലെന്ന് സംസ്ഥാനങ്ങള്‍

GOVERNOR.
വെബ് ഡെസ്ക്

Published on Sep 10, 2025, 09:50 AM | 1 min read

ന്യൂഡൽഹി : ബില്ലുകളിൽ ഒപ്പിടാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധി സാഹസമെന്ന്‌ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് നരസിംഹ നിരീക്ഷിച്ചു. ന്യായമായ സമയത്ത് ഗവർണർ നടപടിയെടുക്കുമെന്ന്‌ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ മന്ത്രിസഭയുടെ ഉപദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്നും വീറ്റോ അധികാരമില്ലെന്നും കേരളം, കർണാടകം, പഞ്ചാബ്‌, തെലങ്കാന സംസ്ഥാനങ്ങൾ ശക്തമായി വാദിച്ചു. കർണാടകത്തിനായി മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യമാണ്‌ വാദം തുടങ്ങിയത്‌. വീറ്റോ അധികാരം ഗവർണറെ സർവാധികാരിയാക്കും. സഭയെ അഭിസംബോധന ചെയ്യാൻപോലും ഗവർണർക്ക്‌ മന്ത്രിസഭയുടെ ഉപദേശംവേണം. ‘എത്രയും വേഗം ’ ബില്ലിന്‌ അനുമതി നൽകണമെന്നാണ്‌ ഭരണഘടനയിലുളളത്‌. എത്രയും വേഗം നടപ്പിലാക്കണമെന്ന ഭരണഘടനാപരമായ കൽപ്പനയാണത്‌–സുബ്രഹ്മണ്യം പറഞ്ഞു.

ഗവർണർ ശത്രുവാകരുതെന്നും ജനങ്ങളോട്‌ ഉത്തരവാദിത്വമുണ്ടാകേണ്ടയാളാണെന്നും കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ പറഞ്ഞു. ഗവർണർക്ക്‌ അവശ്യമെങ്കിൽ ബില്ലിൽ പ്രസ്‌തുത മന്ത്രിയുമായി സംസാരിച്ച്‌ സംശയങ്ങൾ ദുരീകരിക്കാം. "എത്രയും വേഗം" എന്ന വാക്കിന്‌ ഉടനടി എന്നാണർഥം. പണബില്ലുകൾ പിടിച്ചുവയ്‌ക്കുന്നത്‌ സങ്കൽപ്പിക്കാനാവുമോ–വേണുഗോപാൽ ചോദിച്ചു. ഗവർണർക്ക്‌ വിവേചനാധികാരമില്ലെന്നും ഓപ്ഷനുകൾ മാത്രമേയുള്ളൂവെന്നും പഞ്ചാബിനായി അരവിന്ദ്‌ ദത്തറും വാദിച്ചു. തെലങ്കാനയും വീറ്റോയെ എതിർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home