സ്വർണക്കടത്ത് കേസ്: കന്നഡ നടി രന്യ റാവുവിന് 102 കോടി പിഴ ചുമത്തി

ബംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് പിഴ ചുമത്തിയത്. നിലവിൽ കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരു ജയിലിൽ കഴിയുകയാണ് രന്യ. രന്യയ്ക്കും കേസിലുൾപ്പെട്ട മറ്റുള്ളവർക്കും ജയിലിനുള്ളിൽ വച്ച് ഇത് സംബന്ധിച്ച് നോട്ടീസ് നൽകി. പിഴ അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നൽകി.
വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് തടയൽ നിയമം (COFEPOSA- കോഫെപോസ) പ്രകാരമാണ് ശിക്ഷ വിധിച്ചത്. ബംഗളുരു വിമാനത്താവളത്തിൽ മാർച്ച് നാലിനാണ് പന്ത്രണ്ടരക്കോടിയുയുടെ സ്വർണവുമായി രന്യ അറസ്റ്റിലായത്. 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണക്കട്ടികളാണ് രന്യയിൽ നിന്ന് കണ്ടെടുത്തത്. കള്ളക്കടത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് രന്യയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം.
കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഗതാഗതത്തിന് സൗകര്യമൊരുക്കിയതായി ആരോപിക്കപ്പെടുന്ന വ്യവസായി തരുൺ കൊണ്ടരാജു, സ്വർണക്കട്ടിയുടെ വിൽപ്പന കൈകാര്യം ചെയ്തതായും പണം ഹവാല വഴി കൈമാറ്റം ചെയതെന്നും ആരോപിക്കുന്ന ജ്വല്ലറിക്കാരായ സാഹിൽ സഖാരിയ ജെയിൻ, ഭരത് കുമാർ ജെയിൻ എന്നിവരാണ് അറസ്റ്റിലായത്.
നാലുപേരും പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കസ്റ്റഡിയിൽ തുടരുന്നു. പിടിച്ചെടുത്ത സ്വർണത്തിന്റെ വിപണി മൂല്യവും അന്വേഷണ ഉദ്യോഗസ്ഥർ വെട്ടിപ്പ് നടത്തിയതായി പറയുന്ന കസ്റ്റംസ് തീരുവയും ചേർത്താണ് പിഴ കണക്കാക്കിയത്. നിലവിലുള്ള ക്രിമിനൽ നടപടികൾക്ക് പകരമാവില്ല സാമ്പത്തിക പിഴത്തുകയെന്നും ഡിആർഐ വ്യക്തമാക്കി.









0 comments