ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണം; വിവാദ പരാമർശവുമായി ബിജെപി എംപി

photo credit: facebook
മുംബൈ: മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ബിജെപി എംപി ഉദയൻരാജെ ഭോസാലെ. "ഔറംഗസേബിന്റെ ശവകുടീരം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കുന്നവർ ആ ശവകുടീരം സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകണം. അല്ലാതെ ഔറംഗസേബിന്റെ മഹത്വവൽക്കരണം ഇനി അനുവദിക്കില്ല. അതിവിടെ നിലനിർത്തേണ്ട ആവശ്യം എന്താണ്. ഒരു ജെസിബി മെഷീൻ കൊണ്ടുവന്ന് ശവക്കല്ലറ പൊളിച്ചുമാറ്റൂ... അയാൾ ഒരു കള്ളനും കൊള്ളക്കാരനുമായിരുന്നു" ഉദയൻരാജെ പറഞ്ഞു. സത്താറയിൽ നിന്നുള്ള ബിജെപി എംപിയാണ് ഉദയൻരാജെ ഭോസാലെ.
ഷഹാജി, ജിജാവു, ശിവജി, സംഭാജി എന്നീ രാജാക്കൻമാരെ കുറിച്ച് തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. ശിവജിയെക്കുറിച്ച് തെറ്റായി സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നിയമം പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടാതിരിക്കാൻ ശിവജിയുടെ ജീവിതത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ഒരു ഔദ്യോഗിക പുസ്തകം പ്രസിദ്ധീകരിക്കണം. ഒരു ചരിത്ര സിനിമ നിർമ്മിക്കാൻ ചരിത്ര വിദഗ്ധരുടെ കമ്മിറ്റി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.









0 comments