ഗാസ വെടിനിർത്തൽ: യുഎൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെപ്പറ്റി മറുപടി നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രം

ന്യൂഡൽഹി : ഗാസയിൽ അടിയന്തര വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, മാനുഷിക സഹായം എന്നിവ ആവശ്യപ്പെടുന്ന ജൂൺ 12ലെ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭാ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രം. ഡോ. ജോൺ ബ്രിട്ടാസ് എംപിയാണ് രാജ്യസഭയിൽ ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.
പലസ്തീൻ വിഷയത്തിനും ചർച്ചയിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനും ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം മറുപടിയിൽ വിശദീകരിച്ചു. ചർച്ചകളുടെ അഭാവവും പ്രമേയത്തിലെ അസന്തുലിതാവസ്ഥയുമാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. ഈ കാരണത്താലാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് കേന്ദ്രം സമ്മതിച്ചു.
കേന്ദ്രം നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. വ്യക്തമായ ഒഴിഞ്ഞുമാറൽ ആണിത്. ദ്വിരാഷ്ട്ര പരിഹാരത്തിനും പലസ്തീനിനുള്ള മാനുഷിക പിന്തുണയ്ക്കുമുള്ള പ്രതിബദ്ധതയെ ഉറപ്പിക്കുമ്പോൾ തന്നെ ചോദ്യത്തിൽ ഉന്നയിച്ച ആശങ്കകളെ കേന്ദ്രം അവഗണിക്കുകയാണുണ്ടായത്. 2024 ഡിസംബറിൽ സമാനമായ രീതിയിൽ ഇന്ത്യ വോട്ടിങ്ങിൽ നിന്ന് പെട്ടെന്ന് പിന്മാറിയതിന് വ്യക്തമായ ഒരു ന്യായീകരണവും നൽകിയിട്ടില്ല. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായതായി പറയുന്ന പ്രമേയത്തിലെ "അസന്തുലിതാവസ്ഥ" എന്താണെെന്ന് വിശദീകരിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. അതിനാൽ ആ പദം ഉപയോഗിക്കുന്നത് അവ്യക്തവും അടിസ്ഥാനരഹിതവുമാണ്. ഈ നീക്കം ഇന്ത്യയുടെ പലസ്തീൻ അനുകൂല വിദേശനയത്തെ എതിർക്കുന്നതാണോ എന്നും ചോദ്യത്തിൽ ചോദിച്ചിരുന്നു. പലസ്തീൻ അനുകൂല നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാതെ, ദീർഘകാലമായി സ്വീകരിച്ച നിലപാടുകൾ ആവർത്തിച്ചുകൊണ്ട് സർക്കാർ ചോദ്യത്തിൽ നിന്ന് സൗകര്യപൂർവം ഒഴിഞ്ഞുമാറുകയാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.








0 comments