മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിഞ്ഞു

ന്യൂഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഡൽഹിയിലെ ജുഡീഷ്യറി മേധാവിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് 2024 നവംബർ 8 ന് വിരമിച്ചു.
ന്യൂഡൽഹിയിലെ കൃഷ്ണ മേനോൻ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വിരമിച്ച ശേഷവും ചന്ദ്രചൂഡ് തുടരുന്നത് അടുത്തിടെ വിവാദമായിരുന്നു. തുടർന്ന് ഉടൻ തന്നെ ഭാര്യയും മക്കളുമായി സർക്കാർ താമസസ്ഥലത്തേക്ക് മാറുമെന്ന് ചന്ദ്രചൂഡ് പറഞ്ഞിരുന്നു.
ജസ്റ്റിസ് ചന്ദ്രചൂഡ്, ഭാര്യ കൽപ്പന, മക്കളായ പ്രിയങ്ക, മഹി എന്നിവർ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലാണ് താമസിച്ചിരുന്നത്. പ്രിയങ്ക, മഹി എന്നിവർ ഭിന്നശേഷിക്കാരാണ്. മക്കളുടെ ആരോഗ്യസ്ഥി കണക്കിലെടുത്ത് വീൽചെയർ സൗഹൃദ അന്തരീക്ഷമുളള വീട് ആവശ്യമാണെന്നും പുതിയ വീട് തയ്യാറാകുന്ന മുറയ്ക്ക് മാറി താമസിക്കുമെന്നുമാണ് ജസ്റ്റിസ് അറിയിച്ചത്. വിവാദത്തിൽ ദുഃഖം ജസ്റ്റിസ് ചന്ദ്രചൂഡ് ദുഖം പ്രകടിപ്പിച്ചു.
ജസ്റ്റിസ് ചന്ദ്രചൂഡിന് അനുവദിച്ച കാലയളവ് ജൂലൈ 1ന് കഴിഞ്ഞിരുന്നു. ഇതിന് ശേഷവും ചീഫ് ജസ്റ്റിസ് വസതിയിൽ തുടർന്നതിനാൽ സ്വത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.








0 comments