രൺവീർ സിങ് ചിത്രത്തിന്റെ സെറ്റിൽ ഭക്ഷ്യവിഷബാധ: 120 പേർ ചികിത്സയിൽ

ലഡാക്ക് : ബോളിവുഡ് നടൻ രൺവീർ സിങ്ങിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. 120ലധികം ക്രൂ അംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. രൺവീർ നായകനാകുന്ന പുതിയ ചിത്രം ധുരന്ധറിന്റെ ലഡാക്ക് ലേയിലെ സെറ്റിലാണ് സംഭവം. ഇതേത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ഭക്ഷണത്തിനു ശേഷം വയറുവേദന, ഛർദ്ദി, തലവേദന എന്നിവ അനുഭവപ്പെട്ടതോടെയാണ് ക്രൂ അംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായി സിനിമ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സിനിമയുടെ ലേ ഷെഡ്യൂളിൽ 600 അണിയറപ്രവർത്തകരാണ് ആകെ ഉണ്ടായിരുന്നത്.
ഉറി ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ആദിത്യ ധറിന്റെ പുതിയ ചിത്രമാണ് ധുരന്ധർ. ജിയോ സ്റ്റുഡിയോസ്, ബി 62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.









0 comments