തെലങ്കാനയിൽ മാനസികാരോഗ്യകേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഒരാൾ മരിച്ചു, 70 പേർ ചികിത്സയിൽ

പ്രതീകാത്മകചിത്രം
ഹൈദരാബാദ് : തെലങ്കാന സർക്കാരിന്റെ മാനസികാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎംഎച്ച്) ഭക്ഷ്യവിഷബാധയെന്ന് സംശയം. നിരവധി രോഗികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഒരാൾ മരിക്കുകയും 70 ഓളം പേർ ഛർദ്ദിയടക്കമുള്ള ബുദ്ധിമുട്ടുകളെത്തുടർന്ന് ചികിത്സ തേടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെയാണ് രോഗിയെ ചലനമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ജീവനക്കാർ സിപിആർ നൽകിയെങ്കിലും പ്രതിരകണമില്ലാഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
തുടർന്നാണ് 70 ഓളം രോഗികൾക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായതായി റിപ്പോർട്ട് ചെയ്തത്. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് രണ്ട് രോഗികളെ ഉസ്മാനിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും അധികൃതർ പറഞ്ഞു.
ബാക്കിയുള്ള രോഗികൾ നിരീക്ഷണത്തിലാണ്. ഇവരെ ചികിത്സിക്കാൻ ഡോക്ടർമാരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എല്ലാ രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. ഐഎംഎച്ചിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകൾ സംസ്ഥാന സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിനിലേക്ക് (ഐപിഎം) അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പ്രശ്നമൊന്നുമില്ലെന്നു ജില്ലാ കളക്ടർ പറഞ്ഞു.









0 comments