മിന്നൽ പ്രളയം, മണ്ണിടിച്ചിൽ: മലയാളികളുൾപ്പെട്ട യാത്രാസംഘം ഹിമാചലിൽ കുടുങ്ങി

ഷിംല: കനത്ത മഴയും മണ്ണിടിച്ചിലും റോഡുകൾ തകർന്നതോടെ മലയാളികളുൾപ്പെട്ട സംഘം ഹിമാചലിൽ കുടുങ്ങി. വിനോദസഞ്ചാരത്തിന് പോയ 25 പേരടങ്ങുന്ന സംഘമാണ് ഹിമാചലിലെ പ്രതികൂല കാലാവസ്ഥയിൽ പ്രദേശത്ത് കുടുങ്ങിയത്. ഇതിൽ 18 പേർ മലയാളികളാണെന്നാണ് വിവരം.
രണ്ട് ദിവസമായി മടങ്ങാനാവാതെ സംഘം ഹിമാചലിൽ തങ്ങുകയാണ്. നോർക്ക വഴി ഹിമാചൽ പ്രദേശ് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സംഘത്തെ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഡൽഹിയിലെ കേരളത്തിന്റഎ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.
ആഗസ്ത് 25നാണ് സംഘം ഡൽഹിയിൽ നിന്ന് ഹിമാചലിലെ സ്പിറ്റി വാലിയിലേക്ക് പോയത്. പ്രദേശത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഷിംലയിലേക്കുള്ള റോഡ് തകർന്നിരുന്നു. ഇതോടെ സംഘം മടങ്ങാനാവാതെ ഹിമാചലിൽ കുടുങ്ങുകയായിരുന്നു. കൽപ ഗ്രാമത്തിലെ ഹോട്ടലിലാണ് നിലവിൽ സംഘമുള്ളതെന്നാണ് വിവരം.
സംഘം നിലവിൽ സുരക്ഷിതരാണ്. എന്നാൽ വെള്ളവും ഭക്ഷണവുമുൾപ്പെടെ ആവശ്യ സാധനങ്ങളുടെ ലഭ്യത കുറവാണെന്നും എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും സംഘം അഭ്യർഥിച്ചു. മലയാളികൾ താമസിക്കുന്ന ഹോട്ടലിൽ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഹിമാചലിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. പലയിടങ്ങളിലായി മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാളെ വൈകുന്നേരത്തോടെ സംഘത്തെ ഷിംലയിൽ എത്തിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂൺ 20ന് മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് നിരവധി തവണയാണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച രാത്രി വരെ സംസ്ഥാനത്ത് ആകെ 795 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതിൽ 289 എണ്ണം മാണ്ഡി ജില്ലയിലും 214 എണ്ണം ചമ്പയിലും 132 എണ്ണം കുളുവിലുമാണ്. ദേശീയപാത (എൻഎച്ച്) 3 (മാണ്ടി-ധരംപൂർ റോഡ്), എൻഎച്ച് 305 (ഓട്ട്-സൈഞ്ച്) എന്നിവയും അടച്ചിട്ടിരിക്കുകയാണ്.









0 comments