ജമ്മു - ശ്രീനഗർ ദേശീയ പാതയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; ഗതാഗതം നിരോധിച്ചു

ശ്രീനഗർ: കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിലെ റമ്പാൻ ജില്ലയിൽ മണ്ണിടിച്ചിലും മിന്നൽ പ്രളയവും. ജമ്മു-ശ്രീനഗർ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. റമ്പാൻ മാർക്കറ്റിലും വെള്ളപ്പൊക്കമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹൈവേയിൽ സീറിക്കും നാച്‌ലാനയ്ക്കും ഇടയിൽ നിരവധി മണ്ണിടിച്ചിലുകളുണ്ടയി. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക പാതയാണിത്. പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇരുവശത്തും നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി. പിന്നാലെ രാവിലെ 7.30 ന് വാഹന ഗതാഗതം നിർത്തിവച്ചതായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
റമ്പാൻ മാർക്കറ്റിലെ ഒരു ഹോട്ടലിന് സമീപം വെള്ളപ്പൊക്കം ഉണ്ടായതായും പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു. തുടർച്ചയായി മഴ പെയ്യുന്നതിനാൽ റോഡ് വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തടസപ്പെട്ടു. കാലാവസ്ഥ മെച്ചപ്പെടുകയും റോഡിലെ മൺകൂന നീക്കം ചെയ്യുന്നതുവരെ യാത്രക്കാർ എൻഎച്ച്-44 വഴി സഞ്ചരിക്കരുതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
മെയ് 8 നും 11 നും ഇടയിൽ ജമ്മു കശ്മീരിൽ വ്യാപകമായി മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 12 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്താൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ജമ്മു ഡിവിഷനിൽ മെയ് 13 മുതൽ പകൽ താപനിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.









0 comments