ഹിമാചലിൽ വീണ്ടും മിന്നൽ പ്രളയം; റോഡുകൾ തകർന്നു: കെട്ടിടങ്ങൾ ഒലിച്ചുപോയി

CLOUD BURST HIMACHAL
വെബ് ഡെസ്ക്

Published on Aug 26, 2025, 02:11 PM | 2 min read

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ വീണ്ടും മണ്ണിടിച്ചിലും മിന്നൽ പ്രളയവും. നിരവധി കടകൾ ഒലിച്ചുപോയി. കെട്ടിടങ്ങൾ തകർന്നു. ദേശീയ പാതൾക്കും കേടുപാടുകളുണ്ടായി. ജനവാസ മേഖലകൾ വെള്ളത്തിനടിയിലായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാംഗ്ര, ചമ്പ, ലാഹൗൾ, സ്പിതി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉന, ഹമീർപൂർ, ബിലാസ്പൂർ, സോളൻ, മാണ്ഡി, കുളു ജില്ലകളിലും ഷിംല നഗരത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു.


ചൊവ്വാഴ്ച പുലർച്ചെ കുളു ജില്ലയിലെ മണാലിയിൽ ബിയാസ് നദിയിലെ ശക്തമായ ഒഴുക്കുണ്ടായി. ഒരു ബഹുനില ഹോട്ടലും നാല് കടകളും ഒലിച്ചുപോയി. നദി കരകവിഞ്ഞൊഴുകിയതോടെ, മണാലിയിലെ ആലു ഗ്രൗണ്ടിലേക്ക് വെള്ളം ഇരച്ചുകയറി. മണാലി-ലേ ഹൈവേ പലയിടത്തും തടസ്സപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.


തിങ്കളാഴ്ച രാത്രി മാണ്ഡി ജില്ലയിലെ ബാലിച്ചൗക്കി പ്രദേശത്ത് രണ്ട് കെട്ടിടങ്ങൾ തകർന്നു. 40 ഓളം കടകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളാണ് തകർന്നത്. അപകടസാധ്യത കണക്കിലെടുത്ത് കെട്ടിടം നേരത്തെ ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും ഉണ്ടായില്ല. കിന്നൗർ ജില്ലയിലെ കൻവിയിൽ മിന്നൽ പ്രളയമുണ്ടായി.



മാണ്ഡി, കാംഗ്ര, ചമ്പ, ഉന, ബിലാസ്പൂർ, ഹാമിർപൂർ, സോളൻ, ബഞ്ചാർ, കുളു എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ ഭരണകൂടങ്ങൾ ഉത്തരവിട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിനാൽ, വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചൊവ്വാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ഷിംല ഡെപ്യൂട്ടി കമീഷണർ അനുപം കശ്യപ് ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു.


തിങ്കളാഴ്ച രാത്രി വരെ സംസ്ഥാനത്ത് ആകെ 795 റോഡുകൾ അടച്ചു. ഇതിൽ 289 എണ്ണം മാണ്ഡി ജില്ലയിലും 214 എണ്ണം ചമ്പയിലും 132 എണ്ണം കുളുവിലുമാണ്. ദേശീയപാത (എൻ‌എച്ച്) 3 (മാണ്ടി-ധരംപൂർ റോഡ്), എൻ‌എച്ച് 305 (ഓട്ട്-സൈഞ്ച്) എന്നിവയും അടച്ചിട്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 956 വൈദ്യുതി വിതരണ ട്രാൻസ്‌ഫോർമറുകളും 517 ജലവിതരണ പദ്ധതികളും തടസപ്പെട്ടതായി സംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രം (SEOC) അറിയിച്ചു.


ജൂൺ 20 നും ആഗസ്ത് 25 നും ഇടയിൽ ഹിമാചൽ പ്രദേശിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 156 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 38 പേരെ കാണാതാവുകയും ചെയ്തതായി എസ്ഇഒസി റിപ്പോർട്ട് ചെയ്തു. ഇതുവരെ 77 വെള്ളപ്പൊക്കങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 41 മേഘസ്ഫോടനങ്ങളും, 81 വലിയ മണ്ണിടിച്ചിലുകളുമുണ്ടായതായാണ് കണക്ക്.






deshabhimani section

Related News

View More
0 comments
Sort by

Home