പഞ്ചാബിൽ പടക്ക നിർമാണ ഫാക്ടറിയിൽ സ്ഫോടനം: അഞ്ച് മരണം, 34 പേർക്ക് പരിക്ക്

ചണ്ഡീഗഡ് : പഞ്ചാബിൽ പടക്ക നിർമാണ ഫാക്ടറിയിൽ വൻ സ്ഫോടനം. അഞ്ചുപേർ കൊല്ലപ്പെട്ടു. 34ഓളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. വെള്ളി പുലർച്ചെയാണ് സംഭവം. പഞ്ചാബിലെ മുക്ത്സാർ ജില്ലയിലെ സിംഗ്വാല ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. തർസെം സിംഗ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. സ്ഫോടനത്തിന്റെ തീവ്രത കാരണം കെട്ടിടം പൂർണമായും തകർന്നു. സ്ഫോടനെ വളരെ ശക്തമായിരുന്നതിനാൽ രണ്ടുനില കെട്ടിടം മുഴുവൻ നിലംപൊത്തി. പലരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫാക്ടറി തൊഴിലാളികളിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിവരം.
12നും 1നും ഇടയിലാണ് സ്ഫോടനം നടന്നതെന്ന് ലാംബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) ജസ്പാൽ സിംഗ് പറഞ്ഞു. വിവരമറിഞ്ഞയുടൻ പൊലീസ് ടീം സ്ഥലത്തെത്തി. ഇതുവരെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായും മറ്റാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 34 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികൾ പ്രവേശിപ്പിച്ചു. ചിലർ ബാദലിലെ സിവിൽ ആശുപത്രിയിലും മറ്റുള്ളവർ ബത്തിൻഡയിലെ എയിംസിലും ചികിത്സയിലാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, എല്ലാവരുടെയും നില തൃപ്തികരമാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പടക്കങ്ങളുടെ നിർമ്മാണവും പാക്കിംഗും ഒരേ സ്ഥലത്ത് തന്നെയാണ് നടന്നിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നിരവധി തൊഴിലാളികൾ ഫാക്ടറി കെട്ടിടത്തിനുള്ളിൽ തന്നെയാണ് താമസിച്ചിരുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് ചില തൊഴിലാളികൾ ഉറങ്ങുകയായിരുന്നുവെന്നും ചിലർ പാക്കിങ് ജോലികളിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല.









0 comments