ഒടുവിൽ ആശ്വാസം; ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

തെഹ്‌റാൻ: ഇറാനിൽ കഴിഞ്ഞ മാസം കാണാതായ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഇക്കാര്യം ഇന്ത്യയിലെ ഇറാൻ എംബസി സ്ഥിരീകരിച്ചു. പഞ്ചാബ് സ്വദേശികളായ ഹുഷൻപ്രീത് സിംഗ്, ജസ്പാൽ സിംഗ്, അമൃതപാൽ സിംഗ് എന്നിവരെയാണ് കണ്ടെത്തിയത്. സംഗ്രൂർ, ഹോഷിയാർപൂർ, എസ്‌ബിഎസ് നഗർ എന്നിവിടങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ഇറാൻ വഴി പോകുമ്പോഴാണ് യുവാക്കളെ കാണാതായത്. ഇന്ത്യൻ പൗരന്മാരെ തെഹ്‌റാൻ പോലീസ് മോചിപ്പിച്ചതായി ഇറാനിയൻ എംബസി എക്സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
മെയ് 1നാണ് മൂന്ന് പേരും തെഹ്റാനിൽ വിമാനമിറങ്ങിയത്. തുടർന്ന് ഇവരുടെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് മൂന്ന് പേരുടേയും കുടുംബാംഗങ്ങൾ പറഞ്ഞു. പിന്നാലെ യുവാക്കളെ കാണാതായതായി കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു. ഇറാനിയൻ അധികൃതരുമായി വിഷയം ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പഞ്ചാബിലെ ഒരു ഏജന്റ് വഴിയാണ് മൂന്ന് പേരും ദുബായ്-ഇറാൻ വഴി ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. 18 ലക്ഷം രൂപയ്ക്ക് ഓസ്‌ട്രേലിയൻ വിസ നൽകാമെന്നാണ് ഏജന്റേ് യുവാക്കൾക്ക് വാഗ്ദാനം നൽകിയത്. ഇറാനിൽ താമസ സൗകര്യം ഒരുക്കുമെന്ന് ഏജന്റ് ഉറപ്പുനൽകിയതായി റിപ്പോർട്ടുണ്ട്. എന്നാൽ മെയ് 1 ന് അവർ ഇറാനിൽ വന്നിറങ്ങിയ ഉടൻ ഇവരെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബങ്ങൾ പറഞ്ഞു.
യുവാക്കളെ തട്ടിക്കൊണ്ടുപോയവർ ഒരു വീഡിയോ അയച്ചതായും അതിൽ മൂന്ന് പേരുടേയും കൈകൾ ബന്ദിച്ച് കൈകളിൽ നിന്നും രക്തം ഒഴുകുന്നതായി കാണാമായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ ഫോണുകൾ വഴിയാണ് ഇരകൾ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നത്. മെയ് 11 മുതൽ കുടുംബങ്ങൾക്ക് അവരുടെ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.









0 comments