ഡ്രൈവറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു: സംവിധായകൻ മനിഷ് ​ഗുപ്തയ്ക്കെതിരെ കേസ്

manish gupta director
വെബ് ഡെസ്ക്

Published on Jun 07, 2025, 10:51 AM | 1 min read

മുംബൈ : ഡ്രൈവറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ മനിഷ് ഗുപ്തയ്ക്കെതിരെ കേസ്. ശമ്പളത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് മനിഷ് ​ഗുപ്ത ഡ്രൈവറെ അടുക്കളയിലെ കത്തികൊണ്ട് കുത്തിയത്. മുംബൈ പൊലീസാണ് മനിഷിനെതിരെ കേസെടുത്തത്. വ്യാഴാഴ്ച രാത്രി സാഗർ സൻജോഗ് കെട്ടിടത്തിലെ ഗുപ്തയുടെ വസതിയിലാണ് സംഭവം നടന്നതെന്ന് വെർസോവ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് വർഷമായി തന്റെ ഡ്രൈവറായ രാജിബുൾ ഇസ്ലാം ലഷ്‌കറിനെ (32) ഗുപ്ത കുത്തിപ്പരിക്കേൽപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.


ബിഎൻഎസ് 118(2), 115(2), 352 വകുപ്പുകൾ പ്രകാരം അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനും മനപൂർവം അപമാനിച്ചതിനും മറ്റ് കുറ്റകൃത്യങ്ങൾക്കുമാണ് ഗുപ്തയ്‌ക്കെതിരെ കേസെടുത്തത്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഗുപ്തയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലഷ്‌കറിന്റെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ദേശ്മുഖ് ആവശ്യപ്പെട്ടു. ലഷ്‌കർ മൂന്ന് വർഷത്തോളമായി 23,000 രൂപ ശമ്പളത്തിൽ സംവിധായകനൊപ്പം ജോലി ചെയ്യുകയായിരുന്നുവെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു. ശമ്പളം കൃത്യമായി നൽകിയിരുന്നില്ലെന്ന് ലഷ്കർ ആരോപിക്കുന്നു. മെയ് 30 ന്, ശമ്പള കുടിശ്ശിക നൽകാതെ ഗുപ്ത തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ലഷ്കർ പറയുന്നു.


പണം തിരികെ ലഭിക്കാനായി ലഷ്‌കർ വീണ്ടും ജോലിയിൽ ചേർന്നു. പക്ഷേ ശമ്പളം നൽകിയില്ലെന്ന് ഡ്രൈവർ അവകാശപ്പെട്ടു. ഇതേത്തുടർന്ന് വെള്ളിയാഴ്ച രാത്രി മനിഷിന്റെ വെർസോവയിലെ വസതിയിൽ വച്ച് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടെ ഗുപ്ത അടുക്കളയിൽ ഉപയോ​ഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തിയതായാണ് പരാതി. 'ദി സ്റ്റോൺമാൻ മർഡേഴ്സ്', '420 ഐപിസി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മനീഷ് ​ഗുപ്ത. 2023ൽ പുറത്തിറങ്ങിയ വൺ ഫ്രൈഡേ നൈറ്റ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.



deshabhimani section

Related News

View More
0 comments
Sort by

Home