വളം സബ്‌സിഡി; കേന്ദ്രം വെട്ടിയത് 84,000 കോടി

എം പ്രശാന്ത്
Published on Jul 13, 2025, 12:15 AM | 2 min read
ന്യൂഡൽഹി:
കാർഷിക മേഖലയ്‌ക്ക് കടുത്ത പ്രഹരമേൽപ്പിച്ച് വളം സബ്‌സിഡിയിൽ നരേന്ദ്രമോദി സർക്കാർ രണ്ടുവർഷത്തിനിടെ വെട്ടിക്കുറച്ചത് 84,000 കോടി രൂപ. രാസവളം വില അന്തർദേശീയതലത്തിൽ തുടർച്ചയായി കുതിക്കുമ്പോഴാണിത്. 2023–-24ൽ സബ്‌സിഡിക്ക് 2.51 ലക്ഷം കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് 2025–-26ലെ ബജറ്റിൽ നീക്കിവച്ചത് 1.67 ലക്ഷം കോടി മാത്രം. 2024–-25 ബജറ്റിൽ 1.88 ലക്ഷം കോടി ഇതിനായി അനുവദിച്ചിരുന്നു.
മഴലഭ്യത കൂടിയതിനാൽ ഈ വർഷം കൂടുതൽ രാസവളം ആവശ്യമാകും. എന്നാൽ, അന്തർദേശീയ വിപണിയിൽ രാസവളങ്ങൾക്കും രാസവള ഘടകങ്ങൾക്കും വിലയേറുന്നത് വെല്ലുവിളിയാണ്. റഷ്യ–-ഉക്രയ്‌ൻ സംഘർഷം, പശ്ചിമേഷ്യൻ സംഘർഷം, രാസവളങ്ങളുടെ കയറ്റുമതിയിൽ ചൈന വരുത്തിയ വെട്ടിക്കുറവ് തുടങ്ങിയ കാരണങ്ങൾ അന്തര്‍ദേശീയതലത്തിലുണ്ടായ വിലവര്‍ധന പരിഗണിക്കാതെയാണ് സബ്‌സിഡി വെട്ടിക്കുറച്ചത്.
സബ്‌സിഡി തുക വളം നിർമാണ കമ്പനികൾക്കും ഇറക്കുമതിക്കാർക്കും നേരിട്ട് കൈമാറുന്നതാണ് രീതി. പലപ്പോഴും ഇത് കുടിശ്ശികയാകും. ഈ ഘട്ടത്തിൽ കമ്പനികൾ പൊതുമേഖല ബാങ്കുകളിൽനിന്ന് സർക്കാരിന്റെ സബ്‌സിഡി ബില്ലിന് പകരമായി പണം കടമെടുക്കും. ഇതിന്റെ പലിശ നൽകേണ്ടതും സർക്കാരാണ്.
പലിശബാധ്യതയടക്കമാണ് ബജറ്റിൽ അനുവദിക്കുന്ന സബ്‌സിഡി തുക. നടപ്പുവർഷം അനുവദിച്ച തുകയിൽ പലിശയ്‌ക്കും മറ്റുമായി എത്ര നീക്കിവെയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമല്ല.
സ്വാമിനാഥൻ കമീഷൻ പ്രകാരമുള്ള മിനിമം താങ്ങുവില നൽകാതെ കർഷകരെ വഞ്ചിക്കുന്നതിനൊപ്പമാണ് വളം സബ്‌സിഡി വെട്ടിക്കുറച്ചുള്ള ദ്രോഹം. ആവശ്യത്തിനുസരിച്ച് വളം ലഭ്യത ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. ഇത് ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായി.
മെച്ചപ്പെട്ട കാലവർഷം ലഭിച്ചതിനാൽ കഴിഞ്ഞ വർഷങ്ങളിൽ കാർഷിക മേഖല ശരാശരി നാലു ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. വ്യവസായ മേഖലയിൽ ഇടിവുണ്ടാകുമ്പോൾ ജിഡിപിയുടെ 19 ശതമാനത്തോളം സംഭാവന ചെയ്യുന്ന കാർഷിക മേഖല സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്തേണ്ടത് പ്രധാനം.
കർഷക ആത്മഹത്യകൾ രാജ്യത്ത് നിരന്തരം സംഭവിക്കുമ്പോഴാണ് അലംഭാവം തുടരുന്നത്. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗർ ഡിവിഷനിൽ 2025 മാർച്ചുവരെ 32 ശതമാനം വർധനയാണ് കർഷക ആത്മഹത്യയിലുണ്ടായത്. 2024ൽ 204 കർഷകർ ജീവനൊടുക്കിയപ്പോൾ ഈ വർഷം ആദ്യ മൂന്നുമാസത്തിനിടെ 269 കർഷകർ ജീവനൊടുക്കി.
കൃഷിക്ക് ചെലവേറും
കോട്ടയം:
കേന്ദ്ര സർക്കാർ രാസവളത്തിന് കുത്തനെ വില കൂട്ടിയതോടെ നെല്ല് മുതൽ പച്ചക്കറിവരെ എല്ലാ വിളകളുടെയും കൃഷിക്ക് ചെലവേറും. പൊട്ടാഷ് ചാക്കിന് 250 രൂപയും ഡൈ അമോണിയം ഫോസ്‌ഫേറ്റിന് 150 രൂപയും എൻപികെ(നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാഷ്) മിശ്രിതവളങ്ങൾക്ക് 250 രൂപയുമാണ് കൂട്ടിയത്. വില വർധനമൂലം നെല്ലുൽപ്പാദനച്ചെലവ് ഒരേക്കറിന് 28,000 രൂപ ആയിരുന്നത് ഇപ്പോൾ 40,000ലധികമായി. തെങ്ങിന്റെയും മറ്റു കൃഷികളുടെയും സ്ഥിതി ഇതുതന്നെ.കേരളത്തിൽ 2022-–-23ൽ 39,819 മെട്രിക് ടൺ ഫോസ്‌ഫേറ്റ് വളങ്ങൾ ഉപയോഗിച്ചിരുന്നു. വിലവർധന കാരണം 2024-–-25ൽ 33,210 മെട്രിക് ടൺ മാത്രമാണ് ഉപയോഗിച്ചത്. പൊട്ടാഷ് വളങ്ങളുടെ ഉപയോഗം ഈ കാലയളവിൽ 64,751 മെടിക് ടണ്ണിൽനിന്ന് 59,989 മെട്രിക് ടണ്ണായും കുറഞ്ഞു. ഇത് വിളവിനെയും കർഷകരുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു.









0 comments