ഭാരമെല്ലാം കർഷകരുടെ തോളത്ത്

രാസവള വില വീണ്ടും കൂട്ടി, സബ്‌സിഡിയും വെട്ടി കേന്ദ്ര സർക്കാർ

agri
avatar
എൻ എ ബക്കർ

Published on Jul 11, 2025, 02:06 PM | 3 min read

കാർഷിക വിളകൾക്ക് കേരളത്തിൽ ആശ്വാസകരമായ വില ലഭിക്കാൻ തുടങ്ങിയതോടെ വളപ്രയോഗം സജീവമാക്കിയ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. രാസവളങ്ങളുടെ സബ്സിഡി വെട്ടിയ കേന്ദ്ര സർക്കാർ വിലയിലും വർധന വരുത്തി. ഇറക്കുമതിയിലെ പിഴവ് രാസവളങ്ങളുടെ ലഭ്യതയും പ്രതിസന്ധിയിലാക്കി.


ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന പൊട്ടാഷിന് ചാക്കിന് 250 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. യൂറിയയുടെ വിലയിൽ മാറ്റമില്ല. പക്ഷെ മിക്ക കടകളിലും ഇത് ലഭ്യമല്ല.  266.50 രൂപയാണ് തുടരുന്നത്. മഴക്കാലത്താണ് യൂറിയ ഏറ്റവും ആവശ്യമായിട്ടുള്ളത്. സർക്കാരിന് മേലുള്ള ബാധ്യത കുറയ്ക്കാൻ സബ്സിഡി കൂടുതൽ നൽകുന്ന വളങ്ങളുടെ ലഭ്യത ചുരുക്കുകയും വില പൊതുവായി വർധിപ്പിക്കയുമാണ് ചെയ്തിട്ടുള്ളത്.  രാജ്യം മുഴുവൻ കർഷകർക്ക് മേൽ ഇത് അധിക ഭാരമായി.


ഫാക്ടം ഫോസിന് അടുത്ത കാലത്ത് രണ്ടു തവണ വില കൂടി. 1,400 രൂപയായിരുന്നത് 1,425 ആയി. അടുത്തിടെയാണ് 1,300-ല്‍ നിന്ന് 1,400 ആയി ഉയർത്തിയത്. പകരമായി കർഷകർ ഉപയോഗിച്ച് വന്നിരുന്ന ഇഫ്കോ 20:20:0:13-ന് 1,300 രൂപയായിരുന്നു. ഇത് ഇപ്പോൾ 1,350 ആയി.


പൊട്ടാഷിന് 1,550 ആയിരുന്നത് ഇപ്പോൾ 1,800 രൂപ നൽകണം. 18:09:18 എന്ന കൂട്ടുവളത്തിന് 1,210-ല്‍ നിന്ന് 1,300 ആയി. മറ്റ് കൂട്ടുവളങ്ങള്‍ക്കും വില കൂടി.


സബ്സിഡി പിൻവലിക്കൽ നയം വെട്ടിലാക്കി


കേന്ദ്ര സര്‍ക്കാര്‍ രാസവളങ്ങള്‍ക്ക് നൽകിയിരുന്ന സബ്സിഡി 2023-24 ൽ 65,199 കോടി ആയിരുന്നു. ഈ കഴിഞ്ഞ വർഷം 2024-25ല്‍ അത് 52,310 കോടിയായി കുറഞ്ഞു. നടപ്പ് വർഷം 2025-26ല്‍ 49,000 കോടിയായും വെട്ടിക്കുറച്ചു. എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2017 മുതൽ വളം സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്നില്ല. പകരം കമ്പനികള്‍ക്ക് നേരിട്ട് നൽകുകയാണ്. ആധാര്‍മുഖേന കര്‍ഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നല്‍കുന്ന സംവിധാനം ആവശ്യപ്പെട്ടു എങ്കിലും നടപ്പായില്ല. എൽപിജി സബ്സിഡി പോലെ ഇപ്പോഴത്തെ സഹായം പോലും ഇല്ലാതാവുമോ എന്ന ആശങ്കയാണ്.

 

ബദലില്ല, പഴി അന്താരാഷ്ട്ര വിപണിക്ക്


ളത്തിന്റെ പ്രധാന ഘടകമായ ഫോസ്ഫോറിക് ആസിഡിന് അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് കാരണമായി പറയുന്നത്. എന്നാൽ ഇതിനുള്ള ബദൽ സംവിധാനം എന്താണെന്നതിന് ഉത്തരമില്ല. ചൈന, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും വളം ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സാഹചര്യങ്ങളും നയതന്ത്ര പാളിച്ചകളും കർഷകരുടെ മേൽ വീണു.


യൂറിയ, ഡൈഅമേണിയം ഫോസ്ഫേറ്റ് (DAP) പോലുള്ള അവശ്യ വളങ്ങളുടെ രൂക്ഷമായ ക്ഷാമം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഹരിയാന, പഞ്ചാബ് മുതൽ ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് വരെയുള്ള പ്രദേശങ്ങളിൽ, വള വിതരണ കേന്ദ്രങ്ങളിൽ കർഷകരുടെ നീണ്ട ക്യൂ ദേശീയ മാധ്യമങ്ങൾ തത്സമയം റിപ്പോർട് ചെയ്തു.

agri


സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് പോലുള്ള ബദലുകൾ ഉപയോഗിക്കാൻ കർഷകരെ നിർബന്ധിക്കുന്നതും വാർത്തയായി. ഡീലർമാർ യൂറിയയ്‌ക്കൊപ്പം സിങ്കും മറ്റ് ഉൽപ്പന്നങ്ങളും കലർത്തി നിർബന്ധിതരാക്കി വാങ്ങിപ്പിക്കുന്നതും പരാതിയായി. രാസഘടകങ്ങൾ ഒന്നുമറിയാത്ത സാധാരണ കർഷകരാണ് വഞ്ചിക്കപ്പെടുന്നത്.


പരാശ്രയം കുറയ്ക്കാനാവാതെ കുറ്റം പറച്ചിൽ


ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള രാസവള ഘടകങ്ങളുടെ ഇറക്കുമതി പ്രതിസന്ധി തുടരുകയാണ്. ആഭ്യന്തര ഉപഭോഗം വർധിച്ചതും ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങളുമാണ് കയറ്റുമതിയിൽ നിന്നും ചൈന വിട്ടുനിൽക്കാൻ ഇടയാക്കിയത് എന്നാണ് വാർത്തകൾ. മോണോ അമോണിയം ഫോസ്ഫേറ്റും, കാൽസ്യം നൈട്രേറ്റും പോലുള്ള ലായക ശേഷി കൂടുതലുള്ള പെട്ടെന്ന് ഫലം നൽകുന്ന വളങ്ങൾക്കാണ് ചൈനയെ കൂടുതലും ആശ്രയിച്ചിരുന്നത്. വില കുറവാണ് എന്ന ആകർഷണവും ഉണ്ടായിരുന്നു.

agri chart

2025 ജൂൺ 1 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ DAP ഓപ്പണിംഗ് സ്റ്റോക്ക് കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 900,000 ടൺ (ഏകദേശം 42%) കുറവാണെന്ന് കാർഷകിക മേഖലയിൽ നിന്നുള്ള റൂറൽ വോയ്‌സ് റിപ്പോർട്ട് പറയുന്നു. 2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ചൈനയിൽ നിന്ന് 2.29 ദശലക്ഷം ടൺ DAP ഇറക്കുമതി ചെയ്തു. 2024–25 സാമ്പത്തിക വർഷത്തിൽ ആ കണക്ക് വെറും 0.84 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഇന്ത്യയുടെ സ്പെഷ്യാലിറ്റി വളങ്ങളുടെ ഏകദേശം 80% വിതരണം ചെയ്യുന്ന ചൈന, കഴിഞ്ഞ രണ്ട് മാസമായി എല്ലാ കയറ്റുമതിയും നിർത്തിവെച്ചിരിക്കയാണ്.

 

ഇന്ത്യ ഇപ്പോൾ DAP ആവശ്യങ്ങൾക്കായി സൗദി അറേബ്യ, മൊറോക്കോ, ജോർദാൻ, റഷ്യ എന്നിവയെ ആശ്രയിക്കുന്നു. പക്ഷെ ഫലപ്രദമാവുന്നില്ല. മാത്രമല്ല വിലവർധനവിനും കാരണമാക്കി. 2025 ജൂണിൽ, ഇന്ത്യൻ കമ്പനികൾ ജോർദാനുമായി ടണ്ണിന് $781.5 എന്ന നിരക്കിൽ കരാറുകളിൽ ഏർപ്പെട്ടു. മാസങ്ങളുടെ വ്യത്യാസത്തിലാണ് ഈ നിരക്ക് എത്തിയത്. നേരത്തെ $515–$525 എന്ന നിരക്കിലാണ് ലഭിച്ചിരുന്നത്. അവസരം അവർ മുതലാക്കി.


സൗദിയിൽ നിന്നുള്ള വിതരണക്കാരായ SABIC (Saudi chemical manufacturing company) ടണ്ണിന് $810 എന്ന നിരക്കിൽ വില വീണ്ടും വർധിപ്പിച്ച് നിശ്ചയിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടാൻ കഴിഞ്ഞില്ലെങ്കിൽ വില ഇനിയും വർധിക്കും എന്നാണ് ഇതോടെ ലഭിക്കുന്ന സൂചനകൾ. ഖാരിഫ് വിതയ്ക്കൽ സീസണിന്റെ ഏറ്റവും ഉയർന്ന ഡിമാന്റുള്ള സമയമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Home