വിവിധ സംസ്ഥാനങ്ങളിൽ വളംവിതരണ 
കേന്ദ്രങ്ങൾക്ക്‌ മുന്നിൽ വരിനിന്ന്‌ വലഞ്ഞ്‌ കർഷകർ , കച്ചവടക്കാർ അമിതവില ഈടാക്കുന്നതായും 
ആക്ഷേപം

വളംക്ഷാമവും വിലയും രൂക്ഷം ; നോക്കുകുത്തിയായി കേന്ദ്രം

fertiliser shortage indian farmers
വെബ് ഡെസ്ക്

Published on Jul 14, 2025, 01:15 AM | 1 min read


ന്യൂഡൽഹി

യൂറിയ, ഡൈഅമോണിയം ഫോസ്‌ഫേറ്റ്‌ (ഡിഎപി) എന്നീ വളങ്ങൾ കിട്ടാതായതോടെ രാജ്യമൊട്ടുക്ക്‌ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഹരിയാന, പഞ്ചാബ്‌, ഉത്തർപ്രദേശ്‌, ബിഹാർ, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ വളംവിതരണ കേന്ദ്രങ്ങൾക്ക്‌ മുന്നിൽ കർഷകർ പുലർച്ചെ മുതൽ വരിനിൽക്കുകയാണ്‌. പലയിടത്തും കർഷകരെ ഒഴിവാക്കാൻ പൊലീസിനെ രംഗത്തിറക്കി.


ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഖാണ്ഡ്‌വ, ഖർഗോൺ, സിയോണി, നർമദാപുരം തുടങ്ങിയ സ്ഥലങ്ങളിൽ കർഷകർ പ്രതിഷേധിച്ചു. ഛത്തീസ്‌ഗഡിലും ഉത്തർപ്രദേശിലും സമാനസ്ഥിതിയാണ്‌.


ഡിഎപിക്കും യൂറിയക്കും പകരം മറ്റ്‌ വളങ്ങൾ ഉപയോഗിക്കാനാണ്‌ അധികൃതരുടെ നിർദേശം. ഇവയ്‌ക്ക്‌ കച്ചവടക്കാർ അമിതവിലയാണ്‌ ഈടാക്കുന്നത്‌. ആഭ്യന്തര ആവശ്യം കുതിച്ചുയർന്നതോടെ ചൈന വളം കയറ്റുമതി കുറച്ചതാണ്‌ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ പറഞ്ഞ്‌ തടിതപ്പാനാണ്‌ കേന്ദ്രസർക്കാർ ശ്രമം. എന്നാൽ, അധികാരത്തിലെത്തി പതിറ്റാണ്ട്‌ പിന്നിട്ടിട്ടും വളത്തിന്റെ കാര്യത്തിൽ രാജ്യത്തെ സ്വയംപര്യാപ്‌തമാക്കാനാകാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്‌തിട്ടില്ല. സ്വകാര്യമേഖലയെ സഹായിക്കാനാണിതെന്നും വിമർശമുണ്ട്‌.


സബ്‌സിഡിയിൽ രണ്ടുവർഷത്തിനിടെ 84000 കോടി രൂപ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. രാസവളങ്ങൾ ഉപയോഗിക്കുന്നത്‌ ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമാണെന്നും ബദൽമാർഗങ്ങളാണ്‌ ഉചിതമെന്നും കേന്ദ്രമന്ത്രിമാർ പ്രചരിപ്പിക്കുന്നു. സബ്‌സിഡി ഘട്ടംഘട്ടമായി ഇല്ലാതാക്കാനും നീക്കമുണ്ട്‌. ഖാരിഫ്‌ വിളകളുടെ വിതയ്‌ക്കൽ സമയത്ത്‌ വളം കിട്ടാതായതോടെ ഭാവി ഇരുളടയുമെന്ന ആശങ്കയിലാണ്‌ കർഷകർ. വളംവിതരണം കാര്യക്ഷമമാക്കാനും കരിഞ്ചന്ത തടയാനും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന്‌ അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home