ഭീതി ഒഴിഞ്ഞു; ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ സ്കൂളുകൾ തുറന്നു

KASHMIR SCHOOLS
വെബ് ഡെസ്ക്

Published on May 15, 2025, 12:18 PM | 2 min read

ശ്രീന​ഗർ: സംഘർഷഭീതി ഒഴിഞ്ഞതോടെ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ സ്കൂളുകൾ തുറന്നു. ജമ്മു മേഖലയിലെ അഞ്ച് അതിർത്തി ജില്ലകളിലെ സ്‌കൂളുകളാണ് വീണ്ടും തുറന്നത്. ജമ്മു, സാംബ, കതുവ, രജൗരി, പൂഞ്ച് ജില്ലകളിലെ സ്കൂളുകളാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് എട്ട് ദിവസമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. സ്കൂളുകൾ തുറന്നത് മേഖലയിലുടനീളമുള്ള വിദ്യാർഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസമായിട്ടുണ്ട്.



Related News


അതിർത്തിയിൽ സ്ഥിതി​ഗതികൾ സാധാരണ നിലയിൽ എത്തിയതോടെയാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. എന്നാലും ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള സ്കൂളുകൾ അടച്ചിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപത്തെ 30 സ്ഥലങ്ങളിലുള്ള സ്കൂളുകൾ മുൻകരുതൽ നടപടിയായി അടച്ചിടുന്നത് തുടരും. പ്രത്യേക അസംബ്ലികളും സന്ദേശവുമൊരുക്കിയാണ് വിദ്യാർഥികളെ സ്കൂൾ അധികൃതർ വരവേറ്റത്. എട്ട് ദിവസത്തിന് ശേഷം സ്കൂളിലെത്താൻ കഴിഞ്ഞതിലും സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ടെതിലും വിദ്യാർഥികൾ സന്തോഷത്തിലാണ്.


സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള ഔദ്യോഗിക ഉത്തരവ് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ബുധനാഴ്ചയാണ് പുറപ്പെടുവിച്ചത്. പ്രാദേശിക സുരക്ഷാ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടത്. ഓരോ ജില്ലയിലെയും ഏതൊക്കെ മേഖലകളാണ് വീണ്ടും തുറക്കേണ്ടതെന്നും ഏതൊക്കെ മേഖലകൾ അടച്ചിട്ടിരിക്കുമെന്നും ജോയിന്റ് ഡയറക്ടർ സുബാഷ് മേത്തയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സ്കൂളുകൾ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭരണകൂടം സോണൽ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. സുഗമവും സുരക്ഷിതവുമായ ക്ലാസുകൾ ഉറപ്പാക്കാൻ സ്ഥാപന മേധാവിക്കും നിർദേശമുണ്ട്.





ജമ്മു ജില്ലയിലെ അർണിയ, ബിഷ്‌ന, ആർ എസ് പുര, മിറാൻ സാഹിബ്, സത്വാരി, മർ, അഖ്‌നൂർ, ജോറിയൻ, ഖൗർ എന്നീ മേഖലകളിലെ സ്‌കൂളുകൾ അടച്ചിടും. ചൗക്കി ചൗര, ഭൽവാൾ, ദൻസാൽ, ഗാന്ധി നഗർ, ജമ്മു, പുർമണ്ഡൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സാംബ ജില്ലയിലെ സാംബ, രാംഗഡ്, ഘഗ്‌വാൾ എന്നീ മേഖലകളിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. അതേസമയം, സ്ഥിതി മെച്ചപ്പെട്ട പുർമണ്ഡൽ, വിജയ്പൂർ മേഖലകളിലെ സ്‌കൂളുകൾ വീണ്ടും തുറക്കും.


കത്‍വ ജില്ലയിലെ മർഹീൻ, ഹിരാനഗർ, രജൗരി ജില്ലയിലെ മഞ്ചകോട്ട്, ദൂംഗി, നൗഷേര, ദണ്ഡേസർ, സുന്ദർബാനി, രജൗരി, ബൽജ്രരല്ലൻ, പൂഞ്ചിലെ മാൻകോട്ട്, മെന്ദാർ, ബാലകോട്ട്, ഹർണി, നംഗലി, മാണ്ഡി, കനുയാൻ, സത്ര, പൂഞ്ച് എന്നിവിടങ്ങളിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കില്ല. കത്‍വ ജില്ലയിലെ ബർനോട്ടി, ലഖൻപൂർ, സല്ലൻ, ഘഗ്‌വാൾ, കത്‍വ, രജൗരിയിലെ പീരി, കലക്കോട്ട്, താനമാണ്ടി, മൊഗ്ല, കൊട്രേങ്ക, ഖവാസ്, ലോവർ ഹതാൽ, ദർഹാൽ, പൂഞ്ചിലെ സുരൻകോട്ട്, ബഫ്ലിയാസ് എന്നിവിടങ്ങളിൽ ക്ലാസുകൾ പുനരാരംഭിക്കും. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച നിർദേശങ്ങൾ സ്കൂളുകളിൽ കർശനമായി പാലിക്കണമെന്നന്ന് ജോയിന്റ് ഡയറക്ടർ സുബാഷ് മേത്ത അറിയിച്ചു.



Related News



deshabhimani section

Related News

View More
0 comments
Sort by

Home