അതിർത്തിയിൽ സംഘർഷഭീതി; ബങ്കറുകളൊരുക്കുന്നു

PAHALGAM
വെബ് ഡെസ്ക്

Published on Apr 27, 2025, 03:47 AM | 1 min read

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‌ പിന്നാലെ ജമ്മു-കശ്‌മീരിലെ ഇന്ത്യാ– പാക് നിയന്ത്രണരേഖയിൽ സംഘർഷഭീതി. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പോസ്റ്റുകളിൽനിന്ന് പ്രകോപനമില്ലാതെ വെടിയുതിർത്തതോടെ ഇന്ത്യ തിരിച്ചടിച്ചു. കുൽഗാമിലെ ​ഗുദ്ദർ വനമേഖലയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരാക്രമണം നടത്തിയവരെ പിടികൂടാനുള്ള തിരച്ചിലും തുടരുന്നു. നിയന്ത്രണരേഖയോട്‌ ചേർന്നുള്ള പ്രദേശങ്ങളിൽ ഏറ്റുമുട്ടലുണ്ടാകുമ്പോൾ അഭയം തേടുന്ന കമ്യൂണിറ്റി ബങ്കറുകളും മറ്റും സ്ഥലവാസികൾ വൃത്തിയാക്കി തുടങ്ങി.


സുരക്ഷാസേനയുടെ നീക്കങ്ങളും തീവ്രവാദവിരുദ്ധ നടപടികളും തൽസമയം പ്രക്ഷേപണം ചെയ്യുന്നത്‌ വിലക്കി കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ശനിയാഴ്‌ച ഉത്തരവിറക്കി. അതിനിടെ കശ്‌മീരിൽ നാല് ഭീകരരുടെ വീടുകൾ കൂടി അധികൃതർ പൊളിച്ചുനീക്കി. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ‘ദി റെസിസ്റ്റൻസ്‌ ഫ്രണ്ട്‌’ (ടിആർഎഫ്‌) എന്ന സംഘടന ശനിയാഴ്‌ച നിലപാടുമാറ്റി.


ആക്രമണത്തിൽ പങ്കില്ലെന്ന് ടിആർഎഫ്‌ ഓൺലൈൻ പ്രസ്‌താവന ഇറക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശം പോസ്‌റ്റ്‌ വന്നത് സൈബർ നുഴഞ്ഞുകയറ്റത്തിന്റെ ഭാഗമാണെന്നും ഇന്ത്യൻ സൈബർഇന്റലിജൻസ്‌ വിഭാഗത്തിന്റെ കൈകളാണ്‌ ഇതിന്‌ പിന്നിലെന്നും സംഘടന അവകാശപ്പെട്ടു. പാകിസ്ഥാന്റെ സമ്മർദത്തെ തുടർന്നാകാം നിലപാടുമാറ്റമെന്ന്‌ കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ക്രമണത്തിനെതിരായി കശ്‌മീരിൽ വലിയ ജനരോഷമുയർന്നതും നിലപാടുമാറ്റത്തിന്‌ കാരണമായി.



deshabhimani section

Related News

View More
0 comments
Sort by

Home