ഹരിയാനയിലെ ഹിസാറിൽ പൂഴ്‌ത്തിവച്ച വളം പിടിച്ചെടുത്തു , ഛത്തീസ്‌ഗഡ് നിയമസഭയിൽ പ്രതിഷേധം
വളം കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌പ്പ് ; ‘റെയ്‌ഡ് ’ നടത്തി കർഷകർ

ന്യൂഡൽഹി
രാജ്യത്ത് വളംക്ഷാമം രൂക്ഷമാകുമ്പോൾ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയാൻ കർഷകർ രംഗത്ത്. ഹരിയാനയിലെ ഹിസാറിൽ കൊള്ളലാഭമുണ്ടാക്കാൻ ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) പൂഴ്‌ത്തിവെച്ച ഗോഡൗൺ കർഷകർ ‘റെയ്‌ഡ്’ ചെയ്‌തു. വളത്തിനായി കർഷകർ പുലർച്ചെ മുതൽ മണിക്കൂറുകൾ വരി നിൽക്കുമ്പോൾ കരിഞ്ചന്ത നടത്തി കൊള്ളലാഭമുണ്ടാക്കാൻ അനുവദിക്കില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ഹിസാർ ജില്ല പ്രസിഡന്റ് നൻബ്രദാർ പറഞ്ഞു. വളംക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് കർഷകർ നേരിട്ട് രംഗത്തിറങ്ങിയത്.
ഖാരിഫ് സീസണിൽ വളംക്ഷാമം രൂക്ഷമായതോടെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, ആന്ധ്രാപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, തെലങ്കാന, കർണാടകം തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കർഷകർ വലിയ പ്രതിഷേധങ്ങൾ തുടങ്ങിയിട്ടുണ്ട്. തെലങ്കാനയിലെ സിദ്ധിപേട്ടിൽ കരിഞ്ചന്തയിൽ പ്രതിഷേധിച്ച് കർഷകർ കാർഷിക സഹകരണസംഘം ഓഫീസ് ഉപരോധിച്ചു. സംഘം ജീവനക്കാർ കൂടിയ വിലയ്‌ക്ക് യൂറിയ മറിച്ചുവിൽക്കുകയാണെന്ന് കണ്ടെത്തിയ കർഷകർ രേഖകളും പിടിച്ചെടുത്തു. പൊലീസും ജില്ലാഅധികൃതരും എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വളം ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ വലിയ വിലക്കയറ്റവും ദുരിതങ്ങളുമാണ് ഉണ്ടാകാൻ പോകുന്നതെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ വളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കാനാണ് തീരുമാനം. ഛത്തീസ്‌ഗഡിൽ വളംക്ഷാമം ചെർച്ച ചെയ്‌ത നിയമസഭയിൽ വലിയ പ്രതിഷേധമുണ്ടായി. 23 പ്രതിപക്ഷ എംഎൽഎമാരെ സ്‌പീക്കർ സസ്‌പെൻഡ് ചെയ്‌തു.









0 comments