കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ. ഫെബ്രുവരി 14 ന് ചണ്ഡീഗഢിൽ വെച്ചായിരിക്കും ചർച്ച നടക്കുന്നത്. ജോയിന്റ് സെക്രട്ടറി പ്രിയരഞ്ജന്റെ നേതൃത്വത്തിലുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സംഘം നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെ കാണുകയും സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന് ശേഷമാണ് തീരുമാനമായത്. അതേ സമയം കർഷകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയായണ്.
കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ സംയുക്ത കിസാൻ മോർച്ച(എസ്‌കെഎം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നിവയുടെ നേതൃത്വത്തിൽ കർഷകർ ശംഭു, ഖനൗരി അതിർത്തികളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി), നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്താൻ സുരക്ഷാ സേന അനുമതി നിഷേധിച്ചതിനെത്തുടർന്ന് കർഷകർ അവിടെ കൂടാരം കെട്ടി പ്രതിഷേധം ശക്തമാക്കിയിരുന്നു.
നിരാഹാര സമരം നടത്തുകയായിരുന്ന സംയുക്ത കിസാൻ മോർച്ചയുടെ കൺവീനർ ജഗ്ജിത് സിംഗ് ദല്ലേവാളിന് വൈദ്യ സഹായം നൽകി. കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചതോടെയാണ് ദല്ലേവാൾ മരുന്നുകൾ സ്വീകരിക്കാൻ തയാറായത്. 54 ദിവസമായി നിരാഹാര സമരത്തിലായിരുന്നു ദല്ലേവാൾ. ഫെബ്രുവരി 14ന് ചർച്ചയ്ക്ക് എത്തുമോ എന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.









0 comments