പഞ്ചാബിൽ പലയിടങ്ങളിലും സ്ഫോടന ശബ്ദം; വ്യോമ സൈറണുകൾ മുഴങ്ങി

jalandhar

PHOTO CREDIT: X

വെബ് ഡെസ്ക്

Published on May 10, 2025, 12:11 PM | 2 min read

ന്യൂഡൽഹി: പഞ്ചാബിലെ പത്താൻകോട്ട്, ജലന്ധർ ജില്ലകളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ ഹോഷിയാർപൂർ, അമൃത്സർ, ഫിറോസ്പൂർ ജില്ലകളിൽ വ്യോമ സൈറണുകൾ മുഴങ്ങി. ഹരിയാനയിലെ സിർസയിലും അർദ്ധരാത്രിക്ക് ശേഷം സ്ഫോടനം പോലുള്ള ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.


ജലന്ധർ ജില്ലയിലെ കങ്കനിവാളിലെ ജനവാസ മേഖലയിൽ ശനിയാഴ്ച പുലർച്ചെ മിസൈൽ അവശിഷ്ടത്തിന് സമാനമായ വസ്തു പതിച്ചതായി അധികൃതർ അറിയിച്ചു. പുലർച്ചെ 1.30 ഓടെയാണ് വസ്തു നിലം പതിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു ഇതര സംസ്ഥാന തൊഴിലാളി കൈയക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ചില വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.


മുൻകരുതൽ നടപടികളുടെ ഭാഗമായി ഒത്തുചേരലുകളോ ആൾക്കൂട്ടമോ ഒഴിവാക്കണമെന്ന് ജലന്ധർ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഹിമാൻഷു അഗർവാൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജലന്ധർ കാന്റിലെയും ആദംപൂരിലെയും മാർക്കറ്റുകൾ അടച്ചിടാൻ ഉത്തരവിട്ടു. തുറസായ സ്ഥലങ്ങളിലും ഉയർന്ന കെട്ടിടങ്ങളിലും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.


ജില്ലയിലെ മറ്റ് ഭാഗങ്ങളിലെ മാളുകളും ബഹുനില വാണിജ്യ കെട്ടിടങ്ങളും ഇന്ന് അടച്ചിടും. പത്താൻകോട്ടിൽ പുലർച്ചെ 5 ഓടെയും ജലന്ധറിൽ രാവിലെ 8:30 ഓടെയുമാണ് സ്ഫോടനത്തിന് സമാനമായ ശബ്ദങ്ങൾ കേട്ടത്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇന്ന് രാവിലെ ഹോഷിയാർപൂർ, അമൃത്സർ, ജലന്ധർ എന്നിവിടങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.


രാവിലെ 7:54ന് ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും ജനാലകളിൽ നിന്ന് മാറിനിൽക്കാനും അമൃത്സർ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ അമൃത്സർ, താൺ തരൺ ജില്ലയിലെ ഗോയിന്ദ്വാൾ സാഹിബിലും സ്ഫോടനത്തിന് സമാനമായ ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അമൃത്സർ, ബിയാസ്, ജലന്ധർ, തരൺ തരൺ ജില്ലകളിലെ ചില സ്ഥലങ്ങളിൽ അജ്ഞാത വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.


ജമ്മു കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള ഇന്ത്യയിലെ 26 സ്ഥലങ്ങളെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാത്രി പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. പഞ്ചാബിലെ ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, അമൃത്സർ ജില്ലകളിൽ പാകിസ്ഥാന്റെ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങളുണ്ടായി. ഇവയെല്ലാം സുരക്ഷാ സേന പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.


വെള്ളി രാത്രി ഫിറോസ്പൂരിലുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ഖൈ ഫെമെ കെ ഗ്രാമത്തിലെ വീടിന് നേരെയെത്തിയ പാകിസ്ഥാൻ ഡ്രോണിൽ നിന്നുള്ള ഒരു പ്രൊജക്റ്റൈൽ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. വീടിനും വാഹനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home