ബംഗാളിൽ എസ്എഫ്ഐ വനിതാ നേതാക്കളെ കസ്റ്റഡി പീഡനത്തിന് ഇരയാക്കി: ഹൈക്കോടതി

photo credit: X
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മേദിനിപുര്‍ കോളേജിൽ പ്രതിഷേധിച്ച എസ്എഫ്ഐ വനിതാ നേതാക്കളെ പൊലീസ് ക്രൂരമായ കസ്റ്റഡി പീഡനത്തിനിരയാക്കിയതിന് തെളിവുണ്ടെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. പശ്ചിംമേദിനിപുര്‍ വനിതാ പൊലീസ് സ്റ്റേഷനിൽ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല. കര്‍ശന നടപടി ഡിജിപി എടുത്തില്ലെങ്കിൽ കോടതി ഇടപെടും. കടുത്ത ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് തീര്‍ഥങ്കര്‍ ഘോഷ് സര്‍ക്കാര്‍ വനിതാ പൊലീസ് സ്റ്റേഷനിൽ അഴിച്ചപണി നടത്താനും ഉത്തരവിട്ടു. വിദ്യാര്‍ഥിനികള്‍ നൽകിയ പരാതിയിലാണ് ഹൈക്കോടതി തൃണമൂൽ ഭരണത്തിലെ പൊലീസ് ക്രൂരതയ്ക്കെതിരെ ആഞ്ഞടിച്ചത്.
ജാദവ്‍പുര്‍ സര്‍വകലശാല വിദ്യാര്‍ഥികള്‍ക്കുനേരെ വിദ്യാഭ്യാസമന്ത്രിയുടെ കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച മാര്‍ച്ച് 3ന് കോളേജിൽ പ്രതിഷേധിച്ച സുചരിത ദാസ് അടക്കമുള്ള എസ്‍എഫ്ഐ വനിതാ പ്രവര്‍ത്തകരെയാണ് കസ്റ്റഡി പീഡനത്തിന് ഇരയാക്കുകയും അസഭ്യംപറയുകയും ചെയ്തത്. 3ന് കസ്റ്റഡിയിലെടുത്ത സുചരിത ദാസിനെ പിറ്റേന്ന് പുലര്‍ച്ച 2.30ഓടെയാണ് വിട്ടയച്ചത്.
സ്റ്റേഷനിലെ 17 മണിക്കൂര്‍ സിസിടിവി ദൃശ്യങ്ങളിൽ 13 മണിക്കൂര്‍ ഭാഗം മാത്രമേ പൊലീസ് കോടതിയിൽ സമര്‍പ്പിച്ചുള്ളൂ. ബാക്കി നാലു മണിക്കൂര്‍ എവിടെ പോയെന്ന് കോടതി ചോദിച്ചു. സുചരിതദാസിന്റെ മുടിക്ക് കുത്തിപ്പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രാഷ്ട്രീയ പ്രതിയോഗികളോടായാലും വിദ്യാര്‍ഥികളോടായാലും ഇത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.









0 comments