ജമ്മു കശ്മീരിലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. മ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ല. പ്രദേശത്ത് കൂടുതൽ ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.
രണ്ട് മണിക്കൂറായി പ്രദേശത്ത് ശക്തമായ വെടിവയ്പ്പ് നടക്കുകയായിരുന്നു. അവന്തിപോരയിലെ നാദർ, ത്രാൽ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 48 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇന്ന് രാവിലെയാണ് പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ആദ്യം കുൽഗാമിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ഷോപ്പിയാനിലെ വനപ്രദേശത്തേക്ക് നീങ്ങുകയായിരുന്നു. ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് സുരക്ഷാ സേന ഭീകരരെ പിടികൂടിയത്.
"2025 മെയ് 13 ന്, ഷോപിയാനിലെ ഷൂക്കൽ കെല്ലർ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ സൈന്യം തിരച്ചിൽ നടത്തി. ഓപ്പറേഷനിടയിൽ തീവ്രവാദികൾ കനത്ത വെടിവയ്പ്പ് നടത്തി. ശക്തമായി തിരിച്ചും വെടിവയ്പ്പ് നടന്നു. മൂന്ന് ഭീകരരെ വധിച്ചു. ഓപ്പറേഷൻ പുരോഗമിക്കുന്നു" എന്ന് ഇന്ത്യൻ ആർമി എക്‌സിൽ അറിയിച്ചു.
ഏപ്രിൽ 22-ന് 26 സാധാരണക്കാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ജമ്മു കശ്മീരിൽ നിരവധി സൈനിക നീക്കങ്ങൾ പതിവായി നടക്കുന്നുണ്ട്. ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സംഘർഷം രൂക്ഷമായി. പിന്നാലെ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും നടന്നു.
മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാർ ധാരണയിലെത്തി. ഞായർ വൈകുന്നേരം 5 മുതൽ കര, വ്യോമ, നാവിക അതിർത്തികളിലെ എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കാൻ തീരുമാനിച്ചു. എന്നാൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ കരാർ ലംഘിച്ചിരുന്നു.









0 comments