ജമ്മുകശ്മീരിലെ അഖ്‌നൂരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ അഖ്‌നൂരിൽ നിയന്ത്രണ രേഖയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. അഖ്‌നൂർ സെക്ടറിൽ നിയന്ത്രണ രേഖയിൽ (എൽഒസി) ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) വീരമൃത്യു വരിച്ചത്. അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
വെള്ളിയാഴ്ച രാത്രി കെരി ഭട്ടലിലെ വനമേഖലയിൽ ആയുധധാരികളെ കണ്ടതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് വെടിവയ്പ്പുണ്ടായി. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ച് തിരച്ചിൽ തുടരുകയാണ്. ഫെബ്രുവരി 11 ന് ഇതേ മേഖലയിൽ തീവ്രവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി നടന്ന ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
കത്വയിലെ അതിർത്തി നുഴഞ്ഞുകടന്ന ഭീകരർക്കെതിരെ പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഉദ്ദംപുരിൽ ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായി സൈന്യം അറിയിച്ചു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ദോഡ ജില്ലയിലെ ഭാദേർവേ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 19 ദിവസത്തിനിടയിൽ കത്വ, ഉദ്ദംപുർ, കിഷ്‌ത്വാർ എന്നിവിടങ്ങളിൽ അഞ്ച് ഏറ്റുമുട്ടലാണുണ്ടായത്. ഇതിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.









0 comments