ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം: സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ

ശ്രീനഗർ : രാജ്യത്തെ നടുക്കിയ പഹൽഗാമിലെ ഭീകരാക്രമണത്തിനു ശേഷം കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കുൽഗാമിലെ തൻഗ്മാർഗ് ഏരിയയിലാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷ സേന തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സിആർപിഎഫും ജമ്മു കശ്മീർ പൊലീസും പ്രദേശത്തുണ്ട്. സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ട്. ഇന്ന് ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്യം നടുങ്ങിയ ഭീകരാക്രമണം അനന്ത്നാഗിലെ പഹൽഗാമിലുണ്ടായത്. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ ഒരുമലയാളിയും രണ്ടു വിദേശികളുമടക്കം 34 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവച്ചുവീഴ്‌ത്തുകയായായിരുന്നു. അനന്ത്നാഗിലെ പ്രശസ്‌ത വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിലെ ബൈസരൻ താഴ്‍വരയിൽ ചൊവ്വ പകൽ മൂന്നോടെയാണ് ആക്രമണമുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രാജസ്ഥാൻ, തമിഴ്നാട്, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ളവരും നേപ്പാൾ, യുഎഇ സ്വദേശികളുമുണ്ട്.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. മൂന്ന് ഭീകരരുടെ ചിത്രമാണ് സുരക്ഷാ സേന പുറത്തുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടന ലഷ്‍കർ ഇ തായ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു.
2019 ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് സൈനികവാഹന വ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ചൊവാഴ്‌ച പഹൽഗാമിലുണ്ടായത്. പുൽവാമയിലെ അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ അന്ന് സൈനിക വ്യാഹനവ്യൂഹത്തിനുനേരെ സ്ഫോടക വസ്തുനിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. 40 സൈനികരാണ് കൊല്ലപ്പെട്ടത്.









0 comments