എമ്പുരാൻ വിവാദം പാർലമെന്റിൽ ചർച്ച ചെയ്യണം; അടിയന്തര പ്രമേയ നോട്ടീസ് നൽകി എ എ റഹീം എംപി

ന്യൂഡൽഹി: എമ്പുരാൻ ചലച്ചിത്ര വിവാദം പാർലമെന്റിൽ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകി എ എ റഹീം എംപി. ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം രാജ്യത്ത് വർധിക്കുന്നു. മഹാരാഷ്ട്രയിൽ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാല്‍ കമ്രക്കെതിരെ കേസെടുത്തതടക്കം എ എ റഹീം എംപി നോട്ടീസിൽ ചൂണ്ടിക്കാട്ടി.
മോഹൻലാലിനും പൃഥ്വിരാജിനുമെതിരായി ചില സംഘടിത നീക്കം നടക്കുന്നുണ്ട്. ഭീഷണിയിലൂടെ ആവിഷ്കാര സ്വാതന്ത്രയം ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നും എ എ റഹീം എംപി നോട്ടീസിൽ ആവശ്യപ്പെട്ടു. അതേസമയം, എമ്പുരാന്റെ റീഎഡിറ്റഡ് പതിപ്പ് ഇന്ന് മുതൽ തീയറ്ററുകളിലെത്തും എന്നാണ് വിവരം.
വിമർശനങ്ങൾക്കിടയാക്കിയ ഗുജറാത്ത് വംശഹത്യയുള്‍പ്പടെ സംഘപരിവാറിന് അലോസരമുണ്ടാക്കുന്ന 17 രംഗങ്ങള്‍ വെട്ടിമാറ്റിയുള്ള പുതിയ പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയായിരുന്നു നീക്കം. എന്നാൽ വിവാദങ്ങളൊന്നും ചിത്രത്തിന്റെ പ്രദർശനത്തെ ബാധിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് തെളിയിക്കുന്നത്. ഇന്നലെ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് എമ്പുരാൻ്റെ ഈ നേട്ടം കൈവരിക്കുന്നത്.
ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടവ്‍ തുറന്നുകാണിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് സിനിമയ്ക്കെതിരെ വ്യാപക ആക്രമണവുമായി സംഘപരിവാർ രംഗത്തെത്തിയത്. ആർഎസ്എസ് എമ്പുരാനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. മുഖമാസികയായ ഓർഗനൈസറിലെ ലേഖനത്തിൽ രൂക്ഷമായ വിമർശനമാണ് ചിത്രത്തിനെതിരെ നടത്തിയത്. മോഹൻലാലിനെതിരെ കേസ് കൊടുക്കുമെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധനാണെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു.









0 comments