നേരിടാൻ ഒരുങ്ങിയത് ഉഷ്ണതരംഗം; ഡൽഹിയിൽ റെക്കോർഡ് മഴ

ന്യൂഡൽഹി: ഡൽഹിയിൽ ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും കൂടുതൽ മഴ മെയ് മാസത്തിൽ രേഖപ്പെടുത്തി. 188.9 മില്ലിമീറ്റർ മഴ ഈ മാസം ലഭിച്ചു. മുൻകാല റെക്കോർഡുകളെയെല്ലാം മറികടന്നുവെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ഡാറ്റ വ്യക്തമാക്കുന്നു.
സാധാരണയായി കടുത്ത വേനൽ അനുഭവിക്കുന്ന മാസമാണ്. മെയ് മാസത്തിൽ കഴിഞ്ഞ വർഷം ആറ് ഉഷ്ണ തരംഗ ദിവസങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഒരു ചൂട് തരംഗ ദിനം പോലും രേഖപ്പെടുത്തിയിട്ടില്ല. താപനില 5.6 ഡിഗ്രി ശരാശരി കുറഞ്ഞതായും ഐ എം ഡി രേഖകൾ പറയുന്നു. എന്നാൽ ഹ്യുമിഡിറ്റി വർധിച്ചതോടെ ഇന്ന് രാവിലെ 34.8 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.
പെയ്തു തകർത്തത് 2008 ലെ റെക്കോർഡ്
2008 മെയ് മാസത്തിൽ സ്ഥാപിച്ച 165 മില്ലിമീറ്ററിന്റെ മുൻ റെക്കോർഡാണ് ഇത്തവണ മഴ പെയ്ത് തകർത്തത്. മെയ് രണ്ട് 17, 21, 25 തീയതികളിൽ ശക്തമായ മഴ ലഭിച്ചു.

കഴിഞ്ഞ വർഷം മെയ് ചുട്ട് പഴുത്തു
ഡൽഹിയിൽ മെയ് മാസത്തിലെ സാധാരണ പ്രതിമാസ മഴ 62.6 മില്ലിമീറ്ററാണ്. ഈ വർഷത്തെ മെയ് മഴ 202 ശതമാനം കൂടുതലാണ്. കഴിഞ്ഞവർഷം- 2024 മെയ് മാസത്തിൽ 0.4 മില്ലിമീറ്റർ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. അതായത് പ്രതിമാസ ശരാശരിയേക്കാൾ 99 ശതമാനം കുറവ്.
2023 മെയ് മാസത്തിൽ ഏഴ് മഴ ദിവസങ്ങളുണ്ടായിരുന്നു. 2022 ൽ മൂന്ന് ദിവസങ്ങളുണ്ടായി. 2021 ലും 2020 ലും സമാനമായിരുന്നു.
മഴ വന്നതോടെ വായു മലിനീകരണത്തിലും ശമനം ഉണ്ട്. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം 'മിതമായ' വിഭാഗത്തിൽ രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പ്രകാരം കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് വായു ഗുണനിലവാര സൂചിക (എക്യുഐ) 167 ആയിരുന്നു









0 comments