ബിഹാറിൽ വോട്ടർപട്ടികയിൽ നിന്നും പുറത്തായത് 52 ലക്ഷം പേർ

bihar
വെബ് ഡെസ്ക്

Published on Jul 23, 2025, 02:51 PM | 3 min read

പട്ന: ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനാ നടപടിയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ ആകെയുള്ള 7,89,69,844 വോട്ടർമാരിൽ 7,16,04,102 വോട്ടർമാരിൽ നിന്ന് ഫോമുകൾ ലഭിച്ചു, അതേസമയം 52,30,126 വോട്ടർമാരെ അവരുടെ രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ കണ്ടെത്താനായില്ല എന്നാണ് വിശദീകരണം.


ഇവ കൂടാതെ 21.36 ലക്ഷം വിതരണം ചെയ്ത അപേക്ഷാ ഫോറങ്ങൾ ഇനിയും കമ്മീഷന് തിരികെ ലഭിച്ചിട്ടില്ല. എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാത്തതോ ലിസ്റ്റ് ചെയ്ത വിലാസങ്ങളിൽ കണ്ടെത്താൻ കഴിയാത്തതോ ആയ വോട്ടർമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചു.


ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ കരട് വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ എന്നിവ സംബന്ധിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്ന് കമ്മീഷൻ അറിയിപ്പ് നൽകി. സെപ്റ്റംബർ 30-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.


സുപ്രീം കോടതി നിർദ്ദേശവും പ്രതിപക്ഷ പാർടികളുടെയും ശക്തമായ പ്രതിഷേധങ്ങളും അവഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്രപുന:പരിശോധനയുമായി മുന്നോട്ട് പോയത്. മരണപ്പെട്ട 18 ലക്ഷം വോട്ടർമാരുടെയും മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് താമസം മാറിയ 26 ലക്ഷം പേരുടെയും ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് ലക്ഷം പേരുടെയും വോട്ടുകളാണ് കളഞ്ഞതെന്ന് കമ്മീഷൻ അറിയിച്ചു.



പൗരത്വ പരിശോധനയും


പൗരത്വ പരിശോധനകള്‍ക്കും അധികാരമുണ്ടെന്ന് കമ്മീഷൻ അവകാശപ്പെട്ടിരുന്നു. മാത്രമല്ല ബിഹാറിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന (Special Intensive Revision - SIR) പ്രക്രിയയിൽ ആധാർ, വോട്ടർ ഐഡി (EPIC), റേഷൻ കാർഡ് എന്നിവ സ്വീകാര്യമായ രേഖകളായി പരിഗണിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം തള്ളുകയും ചെയ്തു. SIR ഒരു 'ഡി നോവോ' (പുതുക്കൽ) പ്രക്രിയയാണെന്നും ഇതിന് സ്വതന്ത്രമായ പരിശോധന ആവശ്യമാണെന്നും അവകാശപ്പെട്ടായിരുന്നു ഇത്.


സുപ്രിം കോടതിയിൽ സമർപ്പിച്ച കൗണ്ടർ അഫിഡവിറ്റിലാണ് നിർദ്ദേശങ്ങൾ തള്ളിയത്. വോട്ടർ ഐഡി കാർഡ് (EPIC) മുൻ വോട്ടർ പട്ടികയുടെ ഉപോല്പന്നമാണെന്നും അതിനാൽ പുതിയ പരിശോധനക്ക് പകരമാകില്ലെന്നും കമീഷൻ അറിയിച്ചു. ആധാർ പൗരത്വം തെളിയിക്കുന്ന രേഖയല്ല മറിച്ച് വ്യക്തിത്വം തിരിച്ചറിയാനുള്ള ഒരു മാർഗം മാത്രമാണെന്നും ആധാർ ആക്ടിന്റെ സെക്ഷൻ 9 പ്രകാരം ഇത് പൗരത്വം സ്ഥാപിക്കുന്നില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു. റേഷൻ കാർഡുകളെക്കുറിച്ച് വ്യാജ കാർഡുകളുടെ വ്യാപകമായ സാന്നിധ്യം കാരണം അവയെ ഒഴിവാക്കിയതായും കമീഷൻ എതിർ സത്യവാങ്ങ്മൂലത്തിൽ വിശദീകരിച്ചു. ബിഹാറിലെ SIR-നെതിരെ 11 പ്രതിപക്ഷ പാർട്ടികളും എൻജിഒകളും ഉൾപ്പെടെ സമർപ്പിച്ച ഹരജികൾക്ക് മറുപടിയായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം ഉണ്ടായത്.


അവസാന ഘട്ടത്തിൽ ഇതര രാഷ്ട്രീയ പാർടികളുടെ സഹകരണം തേടി


ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള ഏകദേശം 74 ലക്ഷം വോട്ടര്‍മാരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ട്​ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാന്‍ നാല് ദിവസം മാത്രം ശേഷിക്കെ ആയിരുന്നു കമീഷ​ന്‍റെ നടപടി.


ബിജെപി ഉള്‍പ്പെടെ ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് അത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ? അപ്പോള്‍ അവര്‍ എന്തു ചെയ്യും? അവര്‍ സമ്മര്‍ദത്താല്‍ വ്യാജ വിവരങ്ങള്‍ നല്‍കും എന്നായിരുന്നു ഇതിനെതിരെ ബിഹാറിൽ നിന്നുള്ള എഐസിസി അംഗം രാഹുല്‍ ബാലിന്റെ പ്രതികരണം.


പുന:പരിശോധന എന്ന തിടുക്കം


ക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ബീഹാറിലെ വോട്ടര്‍പട്ടികയില്‍ സമഗ്ര പരിഷ്ക്കരണത്തിന് കമ്മീഷന്‍ തുടക്കമിട്ടത്. സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ എന്ന പേരില്‍ 2003 ല്‍ ഭേദഗതി വരുത്തിയ പട്ടികയാണ് പരിഷ്ക്കരിക്കുന്നത്.


പട്ടികയിലുള്ള 1987 ന് മുന്‍പ് ജനിച്ചവര്‍ ജനന സര്‍ട്ടിഫിക്കേറ്റാണ് ഔദ്യോഗിക രേഖയായി നല്‍കേണ്ടത്. ശേഷം ജനിച്ചവര്‍ ജനന സര്‍ട്ടിഫിക്കേറ്റിന് പുറമെ രക്ഷിതാക്കളുടെ ജനന സര്‍ട്ടിഫിക്കേറ്റും, അവര്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെങ്കില്‍ പാസ്പോര്‍ട്ടോ വീസയുടെയോ പകര്‍പ്പ് കൂടി ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.


എന്നാല്‍ ബിഹാറിലെ സാമൂഹിക സാഹചര്യത്തില്‍ താഴേക്കിടയിലുള്ളവര്‍ക്ക് ഈ രേഖകളില്‍ പലതും അപ്രാപ്യമാണെന്നും, 8 കോടി വോട്ടര്‍മാരില്‍ മൂന്ന് കോടി പേരെങ്കിലും വോട്ടര്‍ പട്ടികക്ക് പുറത്ത് പോകാനാണ് സാധ്യതയെന്നും ഇന്ത്യ സഖ്യം ചൂണ്ടിക്കാട്ടി. ആശങ്കയറിയിച്ച് പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനെ കണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസ് പരിഗണിക്കവെയാണ് ആധാർ ഉൾപ്പെടെ രേഖകൾ സ്വീകരിക്കുന്നത് പരിഗണിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്.


മഹാരാഷ്ട്രയിൽ വൻതോതിൽ വോട്ടർമാരെ കൂട്ടിച്ചേർത്ത് കൊണ്ട് തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തി എന്നാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്. ബിഹാറിൽ ഇതിന് വിപരീതമായി വൻതോതിൽ വോട്ടർമാരെ വെട്ടി ബിജെപി മുന്നണിക്ക് അവസരം ഒരുക്കായാണ് എന്നും ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home