ബിഹാർ അതിർത്തി ജില്ലകളിൽ ആശങ്ക

വിവാദ വോട്ടർപ്പട്ടിക പരിശോധന ; ബിഹാറിൽ ജനരോഷം

Electoral Roll Revision bihar

വിവാദ വോട്ടർപ്പട്ടിക പുനഃപരിശോധനയ്‌ക്കെതിരെ ബിഹാറിലെ പട്‌നയിൽ നടന്ന പ്രതിഷേധ മാർച്ചിൽ സിപിഐ എം
ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ

വെബ് ഡെസ്ക്

Published on Jul 10, 2025, 12:30 AM | 1 min read


ന്യൂഡൽഹി

പൗരത്വ രജിസ്റ്ററിന്‌ സമാനമായ വോട്ടർപ്പട്ടിക പുനഃപരിശോധനയിൽ പ്രതിഷേധിച്ച്‌ ബിഹാറിൽ അഖിലേന്ത്യ പണിമുടക്കിനൊപ്പം പ്രതിപക്ഷ മഹാസഖ്യം ആഹ്വാനംചെയ്ത ബന്ദ്‌ പൂർണം.


പട്‌നയിൽ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽഗാന്ധി, ആർജെഡി നേതാവ്‌ തേജസ്വി യാദവ്‌ തുടങ്ങിയവർ സംസാരിച്ചു.


തെരഞ്ഞെടുപ്പ്‌ കമീഷൻ മോദിഭരണത്തെ രക്ഷിക്കാനുള്ള കമീഷനായി അധഃപതിച്ചെന്ന്‌ എം എ ബേബി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുചരിത്രമെഴുതിയ നിരവധി പ്രക്ഷോഭങ്ങൾക്ക്‌ ബിഹാറിന്റെ മണ്ണ്‌ തുടക്കം കുറിച്ചിട്ടുണ്ട്‌. ബിഹാറിൽനിന്ന് തുടങ്ങിയ മിക്ക പ്രക്ഷോഭങ്ങളും വലിയ വിജയമായിരുന്നു. കേന്ദ്രത്തിൽ മോദി–-അമിത്‌ഷാ ഭരണത്തിന്റെയും ബിഹാറിൽ നിതീഷ്‌കുമാർ ഭരണത്തിന്റെയും കൗണ്ട്‌ഡൗൺ ആരംഭിച്ചു.


ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നടപടികളിൽ ഹിറ്റ്‌ലറുടെ അടയാളങ്ങൾ പ്രകടമാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ വലിയ പ്രക്ഷോഭങ്ങൾക്ക്‌ തുടക്കം കുറിക്കേണ്ടതുണ്ടെന്നു ബേബി ചൂണ്ടിക്കാട്ടി. ബിഹാറിൽ ബിജെപിക്കും കേന്ദ്രസർക്കാരിനുംവേണ്ടി വോട്ടുകൾ അപഹരിക്കാനാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ശ്രമിക്കുന്നതെന്ന്‌ രാഹുൽഗാന്ധി പറഞ്ഞു.


ബിഹാർ അതിർത്തി ജില്ലകളിൽ ആശങ്ക

പൗരത്വ രജിസ്റ്ററിന്‌ സമാനമായി വോട്ടർപ്പട്ടിക പുനഃപരിശോധിക്കാനുള്ള തെരഞ്ഞെടുപ്പ്‌ കമീഷന്റെ തീരുമാനം നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലെ എട്ട്‌ ജില്ലകളിൽ വലിയ ആശങ്കയാകുന്നു. നേപ്പാളിൽനിന്ന്‌ വിവാഹിതരായി ബിഹാറിലേക്കെത്തിയ ആയിരക്കണക്കിന്‌ സ്ത്രീകൾ ഇവിടെയുണ്ട്‌. ആധാർ അടക്കം ഉള്ളവരാണ്‌ ഇവരെല്ലാം.


വോട്ടർപട്ടിക പുനഃപരിശോധനയിൽ ആധാർ അടക്കമുള്ള രേഖകൾ പരിഗണിക്കാത്തതാണ്‌ ആശങ്ക സൃഷ്ടിക്കുന്നത്‌. നേപ്പാളിൽനിന്ന്‌ വിവാഹം കഴിച്ചെത്തിയ സ്‌ത്രീകളുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്ന്‌ ബൂത്തുതല ഉദ്യോഗസ്ഥർ മാധ്യമങ്ങളോട്‌ പറഞ്ഞു. എല്ലാവർക്കും ആധാറും വോട്ടർ ഐഡിയും റേഷൻകാർഡുമുണ്ട്‌. എന്നാൽ കമീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ഇത്‌ മൂന്നുമില്ല.


ഇന്ത്യയും നേപ്പാളുമായുള്ള ധാരണപ്രകാരം ജനങ്ങൾക്ക്‌ അതിർത്തി കടന്നെത്തി താമസിക്കുന്നതിനും സ്ഥലംവാങ്ങുന്നതിനും ജീവിതോപാധി തേടുന്നതിനും തടസ്സമില്ല. വോട്ടർപട്ടിക പുനഃപരിശോധനയിൽ പൗരത്വത്തിന്‌ തെളിവ്‌ നൽകാൻ സാധിച്ചില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുമെന്ന ഭീഷണി കൂടിയാണ്‌ നേപ്പാളിൽ നിന്നെത്തിയവർ അഭിമുഖീകരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home