ബിഹാർ വോട്ടർപട്ടിക ; സ്ഥിരതാമസ സർട്ടിഫിക്കറ്റിനായി നെട്ടോട്ടം

ന്യൂഡൽഹി
ബിഹാറിൽ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി പൗരത്വം തെളിയിക്കാനുള്ള സമയപരിധി അവസാനിക്കാൻ 17 ദിവസം ശേഷിക്കെ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ഏതെങ്കിലുമൊന്ന് സംഘടിപ്പിക്കാൻ നെട്ടോട്ടം. ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങി ജനങ്ങളുടെ പക്കൽ സാധാരണയുള്ള തിരിച്ചറിയൽ രേഖയൊന്നും പൗരത്വം തെളിയിക്കാൻ പര്യാപ്‌തമല്ലെന്നാണ് കമീഷൻ നിലപാട്.
ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, മെട്രികുലേഷൻ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് ആവശ്യപ്പെടുന്നത്. ഇതിൽ ഏറ്റവും എളുപ്പത്തിൽ ലഭിക്കാവുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റിനാണ് കൂടുതൽ ആവശ്യക്കാർ.
കമീഷൻ പുനഃപരിശോധനാ നടപടിക്ക് തുടക്കമിട്ട ജൂൺ 28നും ജൂലൈ ആറിനുമിടയിൽ സ്ഥിരതാമസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് 13 ലക്ഷത്തിലേറെ പേരാണ് പൊതുസേവന കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയത്. പ്രതിദിനം 70000 എന്ന തോതിലാണ് സ്ഥിരതാമസ സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകളുടെ പ്രവാഹം.
സാധാരണ നിലയിൽ സ്ഥിരതാമസ സർട്ടിഫിക്കറ്റിന് ആധാറിന് പുറമെ വോട്ടർ ഐഡി, റേഷൻ കാർഡ്, മെട്രികുലേഷൻ സർട്ടിഫിക്കറ്റ്, സ്ഥിരതാമസക്കാരനാണെന്ന് അറിയിച്ചുള്ള സത്യവാങ്‌മൂലം തുടങ്ങിയ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ആധാർ കാർഡിന്റെ മാത്രം അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകാനാണ് പൊതുസേവന കേന്ദ്രങ്ങളുടെ തീരുമാനം. എന്നാൽ ലക്ഷക്കണക്കിന് അപേക്ഷകൾ എത്തിയതോടെ തെരഞ്ഞെടുപ്പ് കമീഷൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റ് വിതരണം സാധ്യമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.









0 comments