വോട്ട് കൊള്ളയിൽ അന്വേഷണമില്ല; ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ട് കൊള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യാജ ആരോപണങ്ങളിൽ ഭയക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷവും പ്രതിപക്ഷവുമില്ലെന്നും ഒരു രാഷ്ട്രീയ പാർടിയോടും പ്രത്യേക താൽപര്യമില്ലെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
വോട്ടർമാരുടെ ചിത്രങ്ങൾ അനുവാദമില്ലാതെയാണ് രാഹുൽ ഗാന്ധി ഉപയോഗിച്ചതെന്നും കമ്മീഷൻ പറഞ്ഞു. 'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിരവധി വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതായി ഞങ്ങൾ കണ്ടു. അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു, അവ ഉപയോഗിച്ചു. ഏതെങ്കിലും വോട്ടറുടെ അമ്മ, മരുമകൾ, മകൾ എന്നിവരുടെ ചിത്രങ്ങൾ എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടോ എന്നും കമ്മീഷൻ ചോദിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടുകവർച്ചാ ആരോപണമുന്നയിച്ച് പ്രചാരണം കടുപ്പിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനവുമായി രംഗത്തെത്തിയത്.
ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വോട്ട് അധികാർ യാത്രയ്ക്ക് രാഹുൽ ഗാന്ധി ഇന്ന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ വോട്ടുചോർച്ചാ തെളിവുകൾ പുറത്തുവിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ആവർത്തിച്ചിരുന്നു.
ബീഹാറിൽ പ്രത്യേക തീവ്ര പരിഷ്കരണവുമായി മുന്നോട്ട് പോകുമെന്ന് കമ്മീഷൻ ഉറപ്പിച്ചു പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെയാണ് മോക്ക് ലിസ്റ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്‌ഐആര്‍ ആരംഭിച്ചത്. പരാതികളുണ്ടെങ്കിൽ ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. കമ്മീഷന്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പ് തുറന്നുവെച്ചിരിക്കുകയാണ്. കേരളവുമായുള്ള താരതമ്യങ്ങൾ അടിസ്ഥാനരഹിതമാണ്. കമ്മീഷനെ ആക്രമിക്കുന്നവർ അവിടത്തെ വോട്ടർമാരെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായണെന്നും അദ്ദേഹം പറഞ്ഞു.









0 comments