രാജ്യവ്യാപക എസ്ഐആർ; തിരക്കിട്ട് തീവ്രപരിശോധന: ചുരുങ്ങിയ സമയം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Election Commission.jpg
വെബ് ഡെസ്ക്

Published on Sep 22, 2025, 07:39 AM | 1 min read

ന്യൂഡൽഹി: വോട്ടർമാരെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) രാജ്യവ്യാപകമായി നടപ്പാക്കാൻ പത്തുദിവസത്തിനകം സജ്ജമാകാൻ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർമാർക്ക്‌ (സിഇഒ) തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം. പ്രതിപക്ഷ പാർടികളുടെ എതിർപ്പുകൾ വകവയ്‌ക്കാതെ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ രാജ്യവ്യാപക എസ്ഐആർ നടപ്പാക്കാനാണ് നീക്കം. എസ്‌ഐആർ മുന്നൊരുക്കം വിലയിരുത്താൻ ഈമാസം ആദ്യവാരം വിളിച്ച പ്രത്യേക യോഗത്തിലാണ്‌ 30നകം സജ്ജമാകാൻ നിർദേശിച്ചത്. കേരളം, ബംഗാൾ, തമിഴ്‌നാട്‌, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ കമീഷന്റെ ഏകപക്ഷീയ നീക്കം കടുത്ത ആരോപണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്‌.


സംസ്ഥാനങ്ങളിൽ അവസാനം വോട്ടർപ്പട്ടിക പരിശോധന നടത്തിയതിനുശേഷം പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അടിസ്ഥാനമാക്കിയാകും എസ്‌ഐആർ. 2006, 2008 വർഷങ്ങളിൽ പുനഃപരിശോധന നടത്തിയ ഡൽഹി, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിലെ സിഇഒമാരുടെ വെബ്‌സൈറ്റിൽ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും 2002–2004 വർഷങ്ങൾക്കിടയിലാണ്‌ ഒടുവിൽ പുനഃപരിശോധന നടന്നത്‌. എല്ലാ വോട്ടർമാരും എന്യൂമറേഷൻ അപേക്ഷകൾ പൂരിപ്പിച്ച്‌ നൽകണം. അവസാന പുനഃപരിശോധനയ്‌ക്കുശേഷമുള്ള വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടവർ വിവരങ്ങൾ സ്ഥിരീകരിച്ചാൽ മതിയെന്നാണ്‌ കമീഷൻ ഭാഷ്യം. ബിഹാറിൽ 2003ലെ വോട്ടർപ്പട്ടികയാണ്‌ അടിസ്ഥാനമാക്കിയത്‌.


ബിഹാറിൽ വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ സാധുവായ രേഖകളുടെ കൂട്ടത്തിൽ ആധാർ ഉൾപ്പെടുത്തിയിരുന്നില്ല. സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് ആധാർ ഉൾപ്പെടുത്താൻ കമ്മിഷൻ നിർബന്ധിതമായത്. ബീഹാർ മാതൃകയിലാണ് രാജ്യവ്യാപക എസ്‌ഐആർ എങ്കിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും സംഘടിതമായി വോട്ടുവെട്ടിയെന്ന ചർച്ച വീണ്ടും ശക്തമായി.





deshabhimani section

Related News

View More
0 comments
Sort by

Home